ഇറാനിയൻ വ്യോമാക്രമണം: ഈ മാസം പരുക്കേറ്റത് നൂറോളം യുഎസ് സൈനികര്‍ക്ക്‌ ; ഇറാൻ വലിയ വില നൽകേണ്ടിവരുമെന്ന്‌ ട്രംപ്

വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിലെ (മധ്യപൂർവേഷ്യ) അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ഈ മാസം നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിൽ നൂറോളം യു.എസ് സൈനികർക്ക് പരിക്കേറ്റതായി പെന്റഗൺ സ്ഥിരീകരിച്ചു. ജൂലൈ 7 മുതൽ ആരംഭിച്ച ആക്രമണങ്ങളിൽ ഏകദേശം 100 ഓളം സൈനികർക്ക് ആഘാതമേറ്റിട്ടുണ്ടെന്ന് പെന്റഗൺ വക്താവ് ഷോൺ പാർനെൽ വ്യക്തമാക്കി. പരിക്കേറ്റവരിൽ 96 ശതമാനം പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അവർ തിരികെ ജോലിയിൽ പ്രവേശിച്ചതായും അദ്ദേഹം അറിയിച്ചു.

മാസങ്ങളായി നിലനിന്നിരുന്ന വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുകയാണ്. വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ചെറുക്കുന്നതിനായി യു.എസ് സൈന്യം കഴിഞ്ഞ ഒരു ആഴ്ചയിലധികമായി തുടർച്ചയായി ഇറാനിയൻ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിവരികയായിരുന്നു. ഇതിന് തിരിച്ചടിയായാണ് ജോർദാൻ, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ യു.എസ് സഖ്യരാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം അഴിച്ചുവിട്ടത്.

കഴിഞ്ഞ വാരാന്ത്യത്തിൽ ജോർദാനിലെ സൈനിക താവളത്തിൽ നടന്ന ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. കൂടാതെ ഇറാഖിൽ തകർന്നുവീണ ഇറാനിയൻ ഡ്രോണിന്റെ അവശിഷ്ടങ്ങൾ നശിപ്പിക്കുന്നതിനിടെ മറ്റൊരു സൈനികനും ജീവൻ നഷ്ടമായി. ഇതോടെ പ്രദേശത്ത് കൊല്ലപ്പെട്ട അമേരിക്കക്കാരുടെ എണ്ണം വർദ്ധിച്ചു.

സംഭവത്തിൽ ശക്തമായ അമർഷം രേഖപ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ കടുത്ത തിരിച്ചടിക്ക് ഉത്തരവിട്ടിട്ടുണ്ട്. “ഒരു അമേരിക്കൻ സൈനികൻ കൊല്ലപ്പെടുമ്പോഴും ഇറാൻ അതിന് പലമടങ്ങ് വലിയ വില നൽകേണ്ടിവരും,” എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ മുന്നറിയിപ്പ് നൽകി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ എന്നിവർക്ക് ട്രംപ് ഇതുസംബന്ധിച്ച് വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ട സൈനികരുടെ ഭൗതികശരീരം ഏറ്റുവാങ്ങുന്ന ഔദ്യോഗിക ചടങ്ങിൽ പ്രസിഡന്റ് ട്രംപ് പങ്കെടുക്കും.

Iranian airstrike: Nearly 100 US troops injured this month

More Stories from this section

family-dental
witywide