തൊഴിലിടത്തിലെ ലൈംഗികാതിക്രമ പരാതി; സാൽക് ഇൻസ്റ്റിറ്റ്യൂട്ടിലെ 22 വർഷത്തെ സേവനം അവസാനിപ്പിച്ച് ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ സച്ചിൻ പാണ്ഡെ

ലോസ് ഏഞ്ചൽസ്: തൊഴിലിടത്തിലെ ലൈംഗികാതിക്രമ പരാതിയെ തുടർന്ന് പ്രശസ്ത ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ സച്ചിൻ പാണ്ഡെ കാലിഫോർണിയയിലെ പ്രമുഖ ഗവേഷണ കേന്ദ്രമായ സാൽക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് രാജിവെച്ചു. ലബോറട്ടറിയിലെ വനിതാ റിസർച്ച് അസിസ്റ്റന്റ് നൽകിയ പരാതിയിലാണ് നടപടി. ഇതോടെ ഇൻസ്റ്റിറ്റ്യൂട്ടിലെ അദ്ദേഹത്തിന്റെ 22 വർഷം നീണ്ട സേവനത്തിനാണ് അവസാനമാകുന്നത്.

ഓഗസ്റ്റ് 13 ആയിരിക്കും സാൽക് ഇൻസ്റ്റിറ്റ്യൂട്ടിലെ അദ്ദേഹത്തിന്റെ അവസാന ദിവസമെന്ന് ദി സാൻ ഡിയാഗോ യൂണിയൻ-ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. പരാതി ഉയർന്നതിനെ തുടർന്ന് ഇദ്ദേഹത്തെ ഇൻസ്റ്റിറ്റ്യൂട്ട് അടുത്തിടെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരുന്നു. പരാതി സത്യസന്ധമാണോ എന്ന് പരിശോധിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ സച്ചിൻ പാണ്ഡെ പൂർണ്ണമായി നിഷേധിച്ചു. “എന്റെ ഗവേഷണ സംഘത്തിലും ഇൻസ്റ്റിറ്റ്യൂട്ടിലുമൊട്ടാകെ സുരക്ഷിതവും ബഹുമാനപൂർവ്വവുമായ അന്തരീക്ഷം നിലനിർത്താൻ ഞാൻ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്,” എന്ന് അദ്ദേഹം പ്രതികരിച്ചു.

മനുഷ്യശരീരത്തിന്റെ ജൈവഘടികാരത്തെക്കുറിച്ചുള്ള പഠനങ്ങളിലും ‘ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്’ അഥവാ സമയബന്ധിതമായ ഭക്ഷണക്രമത്തെക്കുറിച്ചുള്ള ഗവേഷണങ്ങളിലും ലോകത്തെ മുൻനിര ശാസ്ത്രജ്ഞരിൽ ഒരാളാണ് സച്ചിൻ പാണ്ഡെ. അദ്ദേഹത്തിന്റെ പഠനങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ദശലക്ഷക്കണക്കിന് ഡോളറിന്റെ ഫണ്ടുകളാണ് എത്തിച്ചിരുന്നത്.

സാൽക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് പുറത്തുപോകുന്ന രണ്ടാമത്തെ പ്രമുഖ ഇന്ത്യൻ വംശജനാണ് പാണ്ഡെ. 2018-ൽ സമാനമായ ആരോപണങ്ങളെ തുടർന്ന് പ്രമുഖ ബയോളജിസ്റ്റ് ഇന്ദർ വർമ്മയും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് രാജിവെച്ചിരുന്നു.

Indian-origin scientist Sachin Pandey resigns from Salk Institute after 22 years of sexual harassment allegations

More Stories from this section

family-dental
witywide