
നാഷ്‌വിൽ: മാരകമായ വിഷം രണ്ട് തവണ ശരീരത്തിലേക്ക് കുത്തിവെച്ചിട്ടും മരണത്തിന് കീഴടങ്ങാതെ യുഎസ് തടവുകാരി ക്രിസ്റ്റാ പൈക്ക്. ടെന്നസിയിലെ വധശിക്ഷാ മുറിയിൽ നടന്ന അത്യപൂർവ്വവും ദാരുണവുമായ സംഭവങ്ങൾക്ക് പിന്നാലെ, 50-കാരിയായ ക്രിസ്റ്റാ പൈക്ക് ഇപ്പോൾ അബോധാവസ്ഥയിൽ വെന്റിലേറ്ററിലാണ്. വധശിക്ഷ നടപ്പാക്കാനുള്ള അധികൃതരുടെ ശ്രമം പരാജയപ്പെട്ടതോടെ രാജ്യാന്തര മാധ്യമങ്ങളിൽ ഈ വാർത്ത വലിയ ചർച്ചയായിരിക്കുകയാണ്.
ബുധനാഴ്ച രാത്രിയായിരുന്നു ടെന്നസി സംസ്ഥാനത്തെ ഏക വനിതാ വധശിക്ഷാ തടവുകാരിയായ ക്രിസ്റ്റയുടെ ശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്നത്. ‘പെന്റോബാർബിറ്റൽ’ എന്ന മാരകമായ വിഷമരുന്ന് കുത്തിവെക്കാൻ ജയിൽ അധികൃതർ ശ്രമിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോയി. മരുന്ന് ശരീരത്തിലേക്ക് കടത്തിവിടാനുള്ള ഐവി ലൈൻ കൃത്യമായി സ്ഥാപിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. ഏഴിലധികം സൂചികളാണ് ഇതിനായി ക്രിസ്റ്റായുടെ ശരീരത്തിൽ കുത്തിയിറക്കിയത്. വേദന സഹിക്കാനാകാതെ, ശരീരത്തിൽ എവിടെയാണ് സിരകൾ ഉള്ളതെന്ന് ക്രിസ്റ്റാ തന്നെ ഉദ്യോഗസ്ഥർക്ക് പറഞ്ഞു കൊടുക്കേണ്ടി വരുന്ന അവസ്ഥ പോലുമുണ്ടായി. ഒടുവിൽ പുറത്തെടുത്ത ഒരു സൂചി 90 ഡിഗ്രി കോണിൽ വളഞ്ഞിരുന്നതായി അഭിഭാഷകർ വെളിപ്പെടുത്തുന്നു.
രണ്ട് ഡോസ് വിഷം ഉള്ളിൽ ചെന്നിട്ടും ക്രിസ്റ്റാ ജീവനോടെ അവശേഷിച്ചു. നടപടിക്രമങ്ങളിലുടനീളം അവർ നിലവിളിക്കുകയും വിതുമ്പുകയും ചെയ്യുന്നുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഒടുവിൽ വധശിക്ഷ പരാജയപ്പെട്ടതായി പ്രഖ്യാപിച്ച അധികൃതർ ഇവരെ ആംബുലൻസിൽ നാഷ്‌വില്ലിലെ ആശുപത്രിയിലേക്ക് മാറ്റി.
മരണത്തിൽ നിന്ന് രക്ഷിച്ചത് ആ രോഗമോ?
സാധാരണ രീതിയിൽ ഒരാളുടെ ജീവനെടുക്കാൻ ഒരു ഡോസ് പെന്റോബാർബിറ്റൽ ധാരാളമാണെന്നും, രണ്ട് ഡോസ് ചെന്നിട്ടും ക്രിസ്റ്റ രക്ഷപ്പെട്ടത് അത്ഭുതമാണെന്നും മെഡിക്കൽ വിദഗ്ധനായ ഡോ. ജോയൽ സിവോട്ട് പറയുന്നു. ക്രിസ്റ്റയുടെ ശരീരത്തിലുള്ള ‘ത്രോംബോസൈറ്റോസിസ്’ (രക്തം കട്ടപിടിക്കുന്ന അവസ്ഥ) എന്ന രോഗമാകാം ഇതിന് കാരണം. കുത്തിവെപ്പ് എടുത്ത സ്ഥലത്ത് രക്തം കട്ടപിടിച്ചതുമൂലം മരുന്ന് സിരകളിലൂടെ രക്തചംക്രമണ വ്യവസ്ഥയിലേക്ക് എത്തിയില്ല. പകരം ഇത് ചർമ്മത്തിന് താഴെയുള്ള കോശങ്ങളിലേക്ക് പടരുകയായിരുന്നു. കൈകളിൽ രൂപപ്പെട്ട വലിയ കുമിളകൾ ഇതാണ് സൂചിപ്പിക്കുന്നത്. കൂടാതെ ഉപയോഗിച്ച മരുന്നിന്റെ ഗുണനിലവാരമില്ലായ്മയും സംശയിക്കപ്പെടുന്നുണ്ട്.
നിയമപോരാട്ടവും ഗവർണറുടെ ഇടപെടലും
വധശിക്ഷ പാളിയതോടെ, ക്രിസ്റ്റയുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ കോടതിയെ സമീപിച്ചു. വധശിക്ഷാ മുറിയിലെ എല്ലാ തെളിവുകളും അടിയന്തരമായി സംരക്ഷിക്കണമെന്നും അവർ ഹർജിയിൽ ആവശ്യപ്പെടുന്നു. സംഭവത്തെത്തുടർന്ന് ടെന്നസി ഗവർണർ ബിൽ ലീ സംസ്ഥാനത്തെ എല്ലാ വധശിക്ഷകളും താൽക്കാലികമായി നിർത്തിവെക്കുകയും സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
30 വർഷം മുൻപുള്ള ആ ക്രൂരക്കൊലപാതകം

കോളിൻ സ്ലെമ്മർ
1995-ലാണ് അമേരിക്കയെ നടുക്കിയ കൊലപാതകം നടക്കുന്നത്. അന്ന് 18 വയസ്സുകാരിയായിരുന്ന ക്രിസ്റ്റാ പൈക്കും കാമുകൻ തഡാരിൽ ഷിപ്പും ചേർന്ന് കോളിൻ സ്ലെമ്മർ എന്ന 19-കാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. തന്റെ കാമുകനെ തട്ടിയെടുക്കാൻ ശ്രമിച്ചു എന്ന സംശയത്തിലായിരുന്നു കൊലപാതകം. കേസിനെ തുടർന്ന് 1996-ൽ ക്രിസ്റ്റയ്ക്ക് കോടതി വധശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്തതിനാൽ കാമുകൻ ഷിപ്പിന് ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്.
വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും യുഎസ് സുപ്രീം കോടതിയുടെ ഇടപെടലുകൾക്കും ശേഷമാണ് കഴിഞ്ഞ ദിവസം വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങിയത്. എന്നാൽ വിധിക്ക് ക്രിസ്റ്റയുടെ ജീവനെടുക്കാൻ സാധിച്ചില്ല. ക്രിസ്റ്റയെ വീണ്ടും വധിക്കാൻ ശ്രമിക്കുമോ അതോ ശിക്ഷ ഇളവ് ചെയ്യുമോ എന്ന കാര്യത്തിൽ അധികൃതർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
US death-row inmate Christa Pike on ventilator; health condition remains critical following a failed execution.











