
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലേർട്ടും നിലവിലുണ്ട്.
അടുത്ത ദിവസങ്ങളിലും സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. നാളെ തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആയിരിക്കും. ഓഗസ്റ്റ് ആറിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. ഓഗസ്റ്റ് ഏഴിന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓഗസ്റ്റ് എട്ടിന് എട്ട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലുള്ളവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം. നദികളിൽ ഇറങ്ങുന്നതും രാത്രികാലങ്ങളിൽ മലയോര മേഖലകളിലൂടെയുള്ള യാത്രകളും പരമാവധി ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Heavy Rain Continues In Kerala, Red Alert Issued For Eight Districts












