മാസപ്പടി കേസ്: പിണറായിയടക്കമുള്ളവരുടെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിച്ചില്ല, നാളെ പരിഗണിക്കും; പിണറായിക്കും കുടുംബത്തിനും നിർണായകം

മാസപ്പടി-ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് ഇ.ഡി കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി നാളെ പരിഗണിക്കും. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്നും മുഖ്യമന്ത്രിയെന്ന നിലയിൽ സി.എം.ആർ.എൽ കമ്പനിക്ക് യാതൊരുവിധ അനുകൂല സഹായങ്ങളും ചെയ്തിട്ടില്ലെന്നുമാണ് പിണറായി വിജയന്റെ പ്രധാന വാദം. എന്നാൽ തെളിവുകളും വിവരങ്ങളുമുണ്ടെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പ്രതികളുടെ ഭാഗം കേൾക്കേണ്ടതുണ്ടോ എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു. അപ്പീൽ നിലനിൽക്കില്ലെന്നും ഇതിനകം തന്നെ പ്രതികൾക്കെതിരെ വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

സിംഗിൾ ബെഞ്ച് കേസിലെ എതിർകക്ഷികളല്ലാത്തതിനാൽ അപ്പീൽ ഫയൽ ചെയ്യാൻ കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനെ തുടർന്നാണ് പുതിയ അനുമതി അപേക്ഷ നൽകിയത്. പിണറായി വിജയനും കുടുംബത്തിനും മുൻ മന്ത്രി മുഹമ്മദ് റിയാസിനും സബന്ധിച്ചിടത്തോളം ഹൈക്കോടതിയുടെ നാളത്തെ നിലപാട് അതിനിർണായകമാകും. ഇ.ഡി റിപ്പോർട്ടിന്റെയും കോടതി ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരമാണ് തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നാം പ്രതിയായി പിണറായി വിജയനെയും മറ്റ് പ്രതികളെയും ഉൾപ്പെടുത്തി രണ്ട് കേസുകൾ എടുത്തത്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എക്സാലോജിക് കമ്പനി വഴി സി.എം.ആർ.എൽ നിന്നും യാതൊരു സേവനവും നൽകാതെ 3.28 കോടി രൂപ മാസപ്പടി വാങ്ങിയെന്നാണ് ഒന്നാമത്തെ കേസ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കൈക്കൂലിയായി വാങ്ങിയ ഈ പണമിടപാടിൽ പിണറായി വിജയൻ ഒന്നാം പ്രതിയും മകൾ വീണ രണ്ടാം പ്രതിയുമാണ്. കമ്പനി ഉടമ ശശിധരൻ കർത്ത ഉൾപ്പെടെ ഏഴുപേരാണ് ഈ കേസിലെ പ്രതികൾ. മന്ത്രിയായിരിക്കെ മുഹമ്മദ് റിയാസ് അനധികൃതമായി സമ്പാദിച്ച പണം ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന കണ്ടെത്തലിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിലും വീണ വിജയൻ തന്നെയാണ് രണ്ടാം പ്രതി.

വീണയുടെ വസതിയിൽ നിന്ന് പിടിച്ചെടുത്ത കയ്യെഴുത്തു പ്രതികളുടെയും യു.എ.ഇയിലെ വസ്ത്ര കയറ്റുമതി ചർച്ചകളുടെയും അടിസ്ഥാനത്തിൽ 85 ലക്ഷം രൂപയോളം വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. റിയാസിന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ എട്ടുപേരാണ് ഈ കേസിൽ പ്രതിസ്ഥാനത്തുള്ളത്. അഴിമതി തടയൽ നിയമപ്രകാരം അനധികൃത സ്വത്തുസമ്പാദം, പദവി ദുരുപയോഗം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനുള്ള ശുപാർശയും വിജിലൻസ് ഡയറക്ടർ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

High Court to Hear Pleas of Pinarayi Vijayan and Others Against Single Bench Order in Monthly Payoff Case

Also Read

More Stories from this section

family-dental
witywide