
വാഷിംഗ്ടൺ: അന്തരിച്ച ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായിരുന്ന ജെഫ്രി എപ്‌സ്റ്റീൻ്റെ കേസുമായി ബന്ധപ്പെട്ട നിർണ്ണായക ഫയലുകൾ കൈകാര്യം ചെയ്തതിൽ യുഎസ് നീതിന്യായ വകുപ്പിന് വീഴ്ച പറ്റിയോ എന്നതിനെക്കുറിച്ച് വകുപ്പിൻ്റെ ആഭ്യന്തര വാച്ച്ഡോഗ് അന്വേഷണം ആരംഭിച്ചു. എപ്‌സ്റ്റീൻ ഫയലുകൾ പരസ്യപ്പെടുത്തിയപ്പോൾ അതിജീവിതരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നുവെന്ന പരാതികളും രേഖകൾ പുറത്തുവിടുന്നതിലെ സുതാര്യത സംബന്ധിച്ച നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്ന ആരോപണങ്ങളും ശക്തമായ സാഹചര്യത്തിലാണ് ഇൻസ്പെക്ടർ ജനറലിൻ്റെ ഈ നടപടി.
ആവശ്യമായ രേഖകൾ തിരിച്ചറിയുന്നതിലും ശേഖരിക്കുന്നതിലും വകുപ്പ് സ്വീകരിച്ച നടപടികൾ, സുരക്ഷാ കാരണങ്ങളാൽ ഒഴിവാക്കേണ്ട വിവരങ്ങൾ നിയമപരമായി തന്നെയാണോ ചെയ്തതെന്ന പരിശോധന, വിവരങ്ങൾ പുറത്തുവന്നതിന് ശേഷം വ്യക്തികളുടെ സ്വകാര്യതയെ ബാധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വീകരിച്ച മാർഗങ്ങൾ എന്നിങ്ങനെ മൂന്ന് തലങ്ങളിലായാണ് അന്വേഷണം നടക്കുക.
എപ്‌സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് പ്രകാരം രേഖകൾ ശേഖരിക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നതിൽ വകുപ്പിലെ ഉദ്യോഗസ്ഥർ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് ഇൻസ്പെക്ടർ ജനറൽ ഓഫീസ് വിശദമായി പരിശോധിക്കും. 2019-ൽ എപ്‌സ്റ്റീൻ ജയിലിൽ വെച്ച് മരണപ്പെട്ടത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകളും മറ്റ് അനുബന്ധ രേഖകളും ഇതിൻ്റെ ഭാഗമായി ഓഡിറ്റിന് വിധേയമാക്കും. വിവരങ്ങൾ തിരിച്ചറിയുന്നതിനും അവയിലെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനും വകുപ്പ് സ്വീകരിച്ച പ്രക്രിയകളുടെ കൃത്യത വിലയിരുത്തുകയാണ് ഓഡിറ്റിലൂടെ ലക്ഷ്യമിടുന്നത്.
രേഖകൾ പരസ്യമാക്കിയതിന് ശേഷം വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച് ഉയർന്നുവന്ന പരാതികൾ പരിഹരിക്കുന്നതിൽ നീതിന്യായ വകുപ്പ് സ്വീകരിച്ച നിലപാടുകളും പരിശോധനയുടെ പരിധിയിൽ വരും. ഡോണൾഡ് ട്രംപ് രണ്ടാമതും പ്രസിഡൻ്റായി അധികാരമേറ്റ ശേഷം നീതിന്യായ വകുപ്പിൻ്റെ പ്രവർത്തനങ്ങളിൽ നടക്കുന്ന ആദ്യത്തെ പ്രധാന അന്വേഷണമാണിതെന്ന പ്രത്യേകതയുമുണ്ട്. ഓഡിറ്റ് വേളയിൽ മറ്റ് ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ അവയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
High-level investigation into US Justice Department for lapses in handling Epstein files















