ഗാസയിൽ ചരിത്രപരമായ മാറ്റം: ട്രംപിൻ്റെ സമാധാന പദ്ധതിക്ക് വഴങ്ങി ആയുധം താഴെവെക്കാൻ ഹമാസ്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ‘ബോർഡ് ഓഫ് പീസ്’ സമാധാന പദ്ധതിയുടെ ഭാഗമായി ഗാസയിൽ പൂർണ്ണമായി ആയുധം താഴെവെക്കാൻ ഹമാസും മറ്റ് സായുധ ഗ്രൂപ്പുകളും സമ്മതിച്ചതായി റിപ്പോർട്ട്. ഗാസയിൽ നിന്നുള്ള സമ്പൂർണ്ണ നിരായുധീകരണ കരാറിൽ എത്തിയതായി ട്രംപ് ഔദ്യോഗികമായി അറിയിച്ചു.

കരാർ അംഗീകരിച്ചതായും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന ഉടൻ പുറത്തുവിടുമെന്നും മുതിർന്ന ഹമാസ് നേതാവ് ബിബിസിയോട് സ്ഥിരീകരിച്ചു. യു.എസ് മധ്യസ്ഥതയിൽ തയ്യാറാക്കിയ ഗസ്സ വെടിനിർത്തൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് ഹമാസിൻ്റെ നിരായുധീകരണവും ഗാസയുടെ പുനർനിർമ്മാണവും ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹമാസിൻ്റെ പക്കലുള്ള ഭാരമേറിയതും ചെറുതുമായ എല്ലാ ആയുധങ്ങളും പൂർണ്ണമായി നശിപ്പിക്കും. അവരുടെ തുരങ്കങ്ങളും വെടിക്കോപ്പ് നിർമ്മാണ ശാലകളും ഇല്ലാതാക്കും. ഗാസയിൽ ഹമാസിൻ്റെ നിരായുധീകരണം പൂർത്തിയാകുന്ന മുറയ്ക്ക് ഇസ്രായേൽ പ്രതിരോധ സേന തങ്ങളുടെ സൈന്യത്തെ ഗാസയിൽ നിന്ന് പൂർണ്ണമായി പിൻവലിക്കും. ഗസ്സയുടെ ആഭ്യന്തര സുരക്ഷയ്ക്കായി ഒരു പുതിയ പലസ്തീൻ പൊലീസ് സേന രൂപീകരിക്കും. ഇതിനെ സഹായിക്കാൻ വിവിധ രാജ്യങ്ങൾ ഉൾപ്പെടുന്ന അന്താരാഷ്ട്ര സ്റ്റെബിലൈസേഷൻ ഫോഴ്സ് (ഐഎസ്എഫ്) ഗാസയിൽ വിന്യസിക്കപ്പെടും. ഹമാസ് തങ്ങളുടെ ഭരണകൂടത്തെ പൂർണ്ണമായി പിരിച്ചുവിടും. പകരം സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന ‘നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗസ്സ’ (NCAG) എന്ന പുതിയ പലസ്തീൻ സർക്കാർ ഗാസയുടെ ഭരണം ഏറ്റെടുക്കും. ഇവയൊക്കെയാണ് കരാറിലെ പ്രധാന നീക്കങ്ങൾ.

ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളുടെ കെയ്റോയിൽ വെച്ചുനടന്ന തീവ്രമായ മധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് ഈ അപൂർവ്വ പുരോഗതി ഉണ്ടായത്.

അതേസമയം, ഹമാസ് പ്രതിനിധികൾ കരാറിൽ ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, ഈ നിർദ്ദേശങ്ങൾ തങ്ങളുടെ സുരക്ഷാ ആവശ്യങ്ങളെ പൂർണ്ണമായി തൃപ്തിപ്പെടുത്തുന്നില്ലെന്ന് ഇസ്രായേൽ വൃത്തങ്ങൾ അറിയിച്ചു. ഗാസ പൂർണ്ണമായി സൈനികരഹിത മേഖലയാക്കണമെന്ന കർശന നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

Historic change in Gaza: Hamas to lay down arms in response to Trump’s peace plan

More Stories from this section

family-dental
witywide