
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ കമ്പനി ഉടമയും ഡയറക്ടറുമായ കെ.ഡി. പ്രതാപന്റെ ജാമ്യം എറണാകുളം പി.എം.എൽ.എ കോടതി റദ്ദാക്കി. തിങ്കളാഴ്ച കോടതിയിൽ കീഴടങ്ങാനും പ്രതാപന് കർശന നിർദേശം നൽകിയിട്ടുണ്ട്. ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഈ സുപ്രധാന നടപടി.
വിചാരണ തുടങ്ങാത്ത സാഹചര്യം പരിഗണിച്ച് 19 മാസത്തെ തടവിന് ശേഷം പി.എം.എൽ.എ കോടതി നേരത്തെ പ്രതാപന് ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ ഇ.ഡി ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന്, മുൻ ഉത്തരവ് പുനഃപരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഇതനുസരിച്ച് കേസ് വീണ്ടും പരിഗണിച്ചാണ് പി.എം.എൽ.എ കോടതി ജാമ്യം റദ്ദാക്കാൻ തീരുമാനിച്ചത്.
2024 ജൂലൈയിലാണ് ഹൈറിച്ച് വഴി 3,141 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി പുറത്തുവരുന്നതും പ്രതാപനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നതും. തുടരന്വേഷണത്തിൽ 1,651 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായി കണ്ടെത്തിയ ഇ.ഡി ഒന്നാം ഘട്ട കുറ്റപത്രം സമർപ്പിച്ചിരുന്നു. ആയിരം കോടിയിലധികം രൂപയുടെ ക്രമക്കേടുകൾ അന്വേഷിക്കുന്ന കേസിൽ പ്രതികളുടെ 277 കോടി രൂപയുടെ സ്വത്തുക്കളും ഇ.ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.
Highrich Fraud Case: Court Cancels Bail of Director K.D. Prathapan, Orders Surrender on Monday













