
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർത്ത് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി). മുൻ മന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി. സത്യപാലൻ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി എന്നിവരെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരമാണ് മൂവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്‌ഐടിക്ക് അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് അനുമതി നൽകിയതിന് പിന്നാലെയാണ് നടപടി. പരിപാടിയുടെ സ്പോൺസറായി സർക്കാർ തിരഞ്ഞെടുത്ത റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനായി മുൻ മന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഇടപെട്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ഇതുമായി ബന്ധപ്പെട്ട് മുൻ മന്ത്രിക്കെതിരെ കേസെടുക്കാൻ എസ്‌ഐടി സർക്കാരിന്റെ അനുമതി തേടിയിരുന്നു. സർക്കാർ വിഷയം ഗവർണറുടെ പരിഗണനയ്ക്ക് വിടുകയും അനുമതി ലഭിക്കുകയും ചെയ്തതോടെയാണ് അബ്ദുറഹിമാനെ പ്രതി ചേർത്ത് തുടർനടപടികളിലേക്ക് കടന്നത്.













