വാഷിങ്ടൺ: 2027 മുതൽ ഇസ്രയേലിന് പ്രതിവർഷം നൽകിവരുന്ന നാല് ബില്യൺ ഡോളറിന്റെ സൈനിക സഹായം അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ മധ്യപൂർവേഷ്യയിലെ ഏറ്റവും അടുത്ത സഖ്യരാജ്യമായ ഇസ്രയേലിന് ആയുധങ്ങൾ വിൽക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ സാമ്പത്തിക സഹായം ഇസ്രയേലിന് ഇനി ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു.
ഞങ്ങൾ അവർക്ക് നാല് ബില്യൺ ഡോളറിന്റെ സഹായവും പണവും നൽകുന്നുണ്ട്. എന്നാൽ അവർക്ക് അതിന്റെ ആവശ്യമില്ല എന്ന് ട്രംപ് പറഞ്ഞു. ചൊവ്വാഴ്ച നടന്ന ഇടക്കാല തിരഞ്ഞെടുപ്പ് ദിനത്തിൽ ഫോക്സ് ന്യൂസ് ചാനലിന് ഫോണിലൂടെ നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇക്കാര്യം തന്നോട് ഉന്നയിച്ചിരുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും ഈ സാധ്യത ചർച്ച ചെയ്തുവരികയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇസ്രയേലിനുള്ള അമേരിക്കൻ സൈനിക സഹായം ഡെമോക്രാറ്റിക് സ്ഥാനാർഥികൾ രാഷ്ട്രീയ വിഷയമാക്കിയിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. മിഷിഗണിലെ സെനറ്റ് സ്ഥാനാർഥി അബ്ദുൽ എൽ-സയ്ദ് ഉൾപ്പെടെയുള്ളവരുടെ പ്രചാരണത്തിൽ ഈ വിഷയം ഇടംപിടിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
US to end $4 billion military aid to Israel after 2026, Trump says ‘they don’t need it’










