
ലേന (ഇല്ലിനോയി): ഷിക്കാഗോ ലക്ഷ്യമാക്കി നീങ്ങുന്ന ശക്തമായ ചുഴലിക്കാറ്റിനിടെ ഇല്ലിനോയിയിലെ ലേന നഗരത്തിൽ വൻ നാശനഷ്ടം. റോക്ക്ഫോർഡിന് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ലേനയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് അതിശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചത്.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്ച വൈകുന്നേരം 4:45-ന് ലേനയിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അതിശക്തമായ കാറ്റും മഴയും നഗരത്തെ പിടിച്ചുലച്ചത്. നഗരത്തിലുടനീളം വൻമരങ്ങൾ കടപുഴകി വീണും വൈദ്യുതി ലൈനുകൾ തകരാറിലായതും കാരണം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. നിലവിൽ നഗരത്തിലേക്കുള്ള പ്രവേശനം അധികൃതർ തടഞ്ഞിരിക്കുകയാണ്. നഗരത്തിലേക്കോ പുറത്തേക്കോ ഉള്ള ഒരു വാഹനവും കടത്തിവിടില്ലെന്ന് സ്റ്റീഫൻസൺ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
പ്രദേശത്ത് മറ്റൊരു ചുഴലിക്കാറ്റ് റ്റ് കൂടി എത്താൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ലേന പൊലീസ് അറിയിച്ചു. ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും നിർദ്ദേശമുണ്ട്. നാശനഷ്ടങ്ങൾ കാണാനായി ആരും പുറത്തിറങ്ങരുതെന്നും രക്ഷാപ്രവർത്തനത്തിനായി എത്തുന്ന വാഹനങ്ങൾക്ക് വഴി ഒരുക്കണമെന്നും ഷെരീഫ് ഓഫീസ് അറിയിച്ചു. മരങ്ങൾ വീണ് റോഡുകൾ അടഞ്ഞതിനാൽ രക്ഷാപ്രവർത്തകർക്ക് സ്ഥലത്തെത്താൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. നിലവിൽ സ്റ്റീഫൻസൺ കൗണ്ടി ഷെരീഫിൻ്റെ നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നാശനഷ്ടങ്ങളുടെ പൂർണ്ണരൂപം ഇനിയും ലഭ്യമായിട്ടില്ല.
അതിശക്തമായ ചുഴലിക്കാറ്റിൽ ലേന ഹൈസ്‌കൂളിൻ്റെ മേൽക്കൂര തകരുകയും എലിമെൻ്ററി സ്കൂളിന് വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഷിക്കാഗോയിൽ നിന്ന് 120 മൈൽ പടിഞ്ഞാറുള്ള ഈ നഗരം നിലവിൽ പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. വൈകുന്നേരം സ്കൂൾ സമയത്താണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഈ സമയം വിദ്യാർത്ഥികൾ സ്കൂളിനുള്ളിൽ ഉണ്ടായിരുന്നു. ഹൈസ്‌കൂൾ കെട്ടിടത്തിൻ്റെ ഒരു ഭാഗം തകരുകയും പ്രൈമറി സ്കൂളിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തെങ്കിലും, കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല. സ്കൂൾ കെട്ടിടങ്ങളുടെ പുറംഭാഗത്തും വ്യാപകമായ നാശനഷ്ടങ്ങൾ ദൃശ്യമാണ്.
ലേനയുടെ പടിഞ്ഞാറ് ഭാഗത്ത് അതിശക്തവും അപകടകാരിയുമായ ചുഴലിക്കാറ്റാണ് രൂപപ്പെട്ടതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. വരും മണിക്കൂറുകളിലും കാലാവസ്ഥ മോശമായി തുടരാൻ സാധ്യതയുണ്ട്.
Hurricane strikes again in America: Lena city completely isolated, schools damaged; city completely closed, alert continues















