
ഹൊനോലുലു: മണിക്കൂറിൽ 115 മൈൽ (ഏകദേശം 185 കിമീ) വേഗതയുള്ള ശക്തമായ കാറ്റോടെ കാറ്റഗറി 3 വിഭാഗത്തിൽപ്പെട്ട ‘ലോവൽ’ (Hurricane Lowell) ചുഴലിക്കാറ്റ് പടിഞ്ഞാറൻ ഹവായിയൻ ദ്വീപുകളിലേക്ക് അടുക്കുന്നു. ചുഴലിക്കാറ്റിന്റെ ഭീഷണിയെ തുടർന്ന് കവായി, നിഹാവു ദ്വീപുകളിൽ അധികൃതർ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ദ്വീപ് സമൂഹത്തിന് സമീപത്തുകൂടി കടന്നുപോകുന്ന കാറ്റ്, ഏകദേശം 5,83,000 ചതുരശ്ര മൈൽ വിസ്തൃതിയുള്ള പപ്പഹനാവുമോകുവാകെ സമുദ്ര ദേശീയ സംരക്ഷിത മേഖലയുടെ (Papahanaumokuakea Marine National Monument) ഭാഗങ്ങളിലൂടെയായിരിക്കും നീങ്ങുക.
മിയാമി ആസ്ഥാനമായുള്ള നാഷണൽ ഹറിക്കെയ്ൻ സെന്ററിന്റെ പ്രവചനപ്രകാരം തിങ്കളാഴ്ച രാത്രിയോടെ കാറ്റിന്റെ കേന്ദ്രഭാഗം ഹവായിയൻ ദ്വീപുകളുടെ പടിഞ്ഞാറുഭാഗത്തുകൂടി കടന്നുപോകുകയും ബുധനാഴ്ച രാവിലെയോടെ വേഗത കുറയുകയും ചെയ്യും.ചൊവ്വാഴ്ചയോടെ കാറ്റിന്റെ ശക്തി ക്രമേണ കുറയുമെങ്കിലും, ഹവായിക്ക് സമീപത്തുകൂടി കടന്നുപോകുമ്പോൾ ഇതൊരു ഹറിക്കെയ്നായി തന്നെ തുടരുമെന്ന് കേന്ദ്രം വ്യക്തമാക്കി. ചുഴലിക്കാറ്റിന്റെ കേന്ദ്രത്തിൽ നിന്ന് 60 മൈൽ ദൂരത്തേക്ക് വരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.
കവായിയിൽ 6 മുതൽ 10 ഇഞ്ച് വരെയും ചിലയിടങ്ങളിൽ 14 ഇഞ്ച് വരെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ബിഗ് ഐലൻഡിൽ 4 മുതൽ 8 ഇഞ്ച് വരെയും (ചിലയിടങ്ങളിൽ 12 ഇഞ്ച്), ഒവാഹുവിൽ (Oahu) 4 മുതൽ 6 ഇഞ്ച് വരെയും മഴ പ്രതീക്ഷിക്കുന്നു. ശക്തമായ മഴയെത്തുടർന്ന് കവായി കൗണ്ടിയിലും ബിഗ് ഐലൻഡിന്റെ ചില ഭാഗങ്ങളിലും പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിനും മലയിടിച്ചിലിനും സാധ്യതയുണ്ട്.
കൂടാതെ, കവായി തീരങ്ങളിൽ മൂന്ന് അടി വരെ ഉയരത്തിൽ ശക്തമായ തിരമാല അടിച്ചുയരാൻ (സാധ്യതയുണ്ടെന്നും ദ്വീപ് സമൂഹങ്ങളിലുടനീളം ജീവന് ഭീഷണിയായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കവായി, നിഹാവു ദ്വീപുകൾക്ക് സമീപം ചുഴലിക്കാറ്റുകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഹവായിയുടെ മറ്റ് ഭാഗങ്ങളിലും നേരിയ തോതിൽ ഇതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.











