‘ഞാൻ നിരപരാധിയാണ്, കള്ളക്കേസിന് പിന്നിൽ വ്യക്തിവൈരാഗ്യം’; യു.എസിൽ വിദ്യാർത്ഥികളുടെ പീഡന പരാതിയിൽ അറസ്റ്റിലായ ഇന്ത്യൻ ഡോക്ടർ ബോണ്ടിൽ പുറത്തിറങ്ങി

മയാമി: യുഎസിലെ മയാമി യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഇന്ത്യൻ വംശജനായ പ്രമുഖ യൂറോളജിസ്റ്റ് ഡോ. രഞ്ജിത് രാമസാമി (45) അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രി ദുബായിൽ നിന്നും മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പൊലീസ് ഇദ്ദേഹത്തെ കൈവിലങ്ങ് അണിയിച്ച് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ 1.2 ലക്ഷം ഡോളറിൻ്റെ (ഏകദേശം ഒരു കോടി രൂപ) ബോണ്ടിൽ കർശന ഉപാധികളോടെ വിട്ടയച്ചു. നിലവിൽ സരസോട്ടയിലുള്ള വസതിയിൽ ഭാര്യയോടും മക്കളോടുമൊപ്പം വീട്ടുതടങ്കലിലാണ് അദ്ദേഹം.

മയാമി യൂണിവേഴ്സിറ്റിയിലെ യൂറോളജി പ്രൊഫസറും ‘മെയിൽ റീപ്രൊഡക്റ്റീവ് മെഡിസിൻ ആൻഡ് സർജറി’ വിഭാഗം മുൻ ഡയറക്ടറുമായിരുന്നു ഡോ. രഞ്ജിത് രാമസാമി. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇദ്ദേഹത്തിനെതിരെ മൂന്ന് ലൈംഗിക അതിക്രമ കേസുകൾ ചുമത്തി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

വിവിധ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് ഡോക്ടർ തങ്ങളെ പ്രോസ്റ്റേറ്റ് പരിശോധനയ്ക്ക് വിധേയരാക്കിയതായി മൂന്ന് വിദ്യാർത്ഥികൾ പൊലീസിന് മൊഴി നൽകിയിരുന്നു. സാധാരണ പരിശോധനാ രീതികളിൽ നിന്നും വ്യത്യസ്തമായി, അതീവ ക്രൂരവും ദീർഘനേരം നീണ്ടുനിൽക്കുന്നതുമായ പരിശോധനയാണ് ഡോക്ടർ നടത്തിയതെന്ന് ഇവർ വെളിപ്പെടുത്തി. കേസ് അന്വേഷിക്കുന്ന ഡിറ്റക്ടീവുകൾ മറ്റ് മൂന്ന് ഇരകളിൽ നിന്ന് കൂടി സമാനമായ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണ പ്രവൃത്തി സമയത്തിന് ശേഷവും, മറ്റ് ജീവനക്കാരില്ലാത്ത സമയത്തും വൈദ്യശാസ്ത്രപരമായി യാതൊരു ആവശ്യവുമില്ലാതെയാണ് ഡോക്ടർ ഈ പരിശോധനകൾ നടത്തിയതെന്ന് പൊലീസ് വാറന്റിൽ വ്യക്തമാക്കുന്നു.

ആരോപണം നിഷേധിച്ച് ഡോക്ടർ

അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് ഡോ. രഞ്ജിത് രാമസാമി മാധ്യമങ്ങളോട് പറഞ്ഞു. “ഞാൻ ആരെയും ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല, ഒരിക്കലുമില്ല. ആവശ്യമില്ലാത്ത ഒരു മെഡിക്കൽ പരിശോധനയും ആർക്കും നൽകിയിട്ടില്ല. സർവ്വകലാശാലയിലെ ചില വ്യക്തികളുടെ വ്യക്തിവൈരാഗ്യമാണ് ഈ കള്ളക്കേസിന് പിന്നിൽ,” അദ്ദേഹം ആരോപിച്ചു.

തൻ്റെ ഭാഗം വിശദീകരിക്കാൻ സർവ്വകലാശാല ആവശ്യമായ രേഖകൾ നൽകിയില്ല. കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് തന്നെ, 2024-ൽ താൻ ദുബായിലേക്ക് മാറിയിരുന്നു. യൂണിവേഴ്സിറ്റിയിലെ ജോലിയിൽ നിന്നും മാന്യമായാണ് പടിയിറങ്ങിയതെന്നും ഫ്ലോറിഡയിൽ ചികിത്സ നടത്താനുള്ള മെഡിക്കൽ ലൈസൻസ് ഇപ്പോഴും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കള്ളക്കേസിൽ നിന്ന് തൻ്റെ പേര് ശുദ്ധിയാക്കാൻ വേണ്ടിയാണ് ദുബായിൽ നിന്നും സ്വന്തം ഇഷ്ടപ്രകാരം യുഎസിൽ മടങ്ങിയെത്തി കീഴടങ്ങിയതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

‘I am innocent, personal enmity behind false case’; Indian doctor arrested in US for molesting students released on bond

More Stories from this section

family-dental
witywide