
വാഷിംഗ്ടൺ: 75 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഇമിഗ്രൻ്റ് വിസ നൽകുന്നത് തടഞ്ഞുകൊണ്ടുള്ള ട്രംപ് ഭരണകൂടത്തിൻ്റെ വിവാദ നയം യു.എസ് ഫെഡറൽ കോടതി റദ്ദാക്കി. ഇത്തരത്തിൽ വിസ നിഷേധിച്ച നടപടികൾ അസാധുവാക്കിയ കോടതി, അപേക്ഷകൾ സാധാരണ ഇമിഗ്രേഷൻ നിയമപ്രകാരം വീണ്ടും പരിശോധിച്ച് തീരുമാനമെടുക്കാൻ കോൺസുലർ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.
കഴിഞ്ഞ ജനുവരിയിൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് കൊണ്ടുവന്ന ഈ നയം പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജെന്നറ്റ് എ. വർഗാസ് വ്യക്തമാക്കി. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് നിയമപരമായി അനുവദിച്ചു നൽകിയിട്ടുള്ള അധികാരപരിധിക്ക് അപ്പുറത്തുള്ള നടപടിയാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.
യു.എസിലെ ക്ഷേമപദ്ധതികളും പൊതുആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള വിദേശ പൗരന്മാരുടെ പ്രവേശനം തടയാനെന്ന പേരിലായിരുന്നു ട്രംപ് ഭരണകൂടം വിസ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചത്. എന്നാൽ, വിസ നൽകുന്നതിൽ അന്തിമ തീരുമാനമെടുക്കാനുള്ള പ്രത്യേക അധികാരം ഫെഡറൽ ഇമിഗ്രേഷൻ നിയമപ്രകാരം കോൺസുലർ ഓഫീസർമാർക്കാണെന്ന് ജഡ്ജി വർഗാസ് വിധിയിൽ ഓർമ്മിപ്പിച്ചു. അപേക്ഷകൻ്റെ ദേശീയത മാത്രം നോക്കി വിസ നിഷേധിക്കുന്നത് നിലവിലുള്ള നിയമസംവിധാനത്തിൻ്റെ നഗ്നമായ ലംഘനമാണെന്നും കോടതി വിലയിരുത്തി.
ഭരണകൂടത്തിൻ്റെ ഈ ഏകപക്ഷീയമായ തീരുമാനം കാരണം കൃത്യമായ നിയമങ്ങൾ പാലിച്ച് വിസയ്ക്ക് അപേക്ഷിച്ച ആയിരക്കണക്കിന് കുടുംബങ്ങളാണ് വേർപിരിഞ്ഞു കഴിയേണ്ടി വന്നതെന്ന് കേസ് ഫയൽ ചെയ്ത ‘കാത്തലിക് ലീഗൽ ഇമിഗ്രേഷൻ നെറ്റ്‌വർക്ക്’ എക്സിക്യൂട്ടീവ് ഡയറക്ടർ അന്ന ഗല്ലഗെർ പറഞ്ഞു. കോടതി വിധി നിയമവാഴ്ച ഉറപ്പുനൽകുന്നതാണെന്നും, വേർപിരിഞ്ഞ കുടുംബങ്ങൾക്ക് വീണ്ടും ഒന്നിക്കാൻ ഇത് വഴിയൊരുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
കോടതി വിധിയോട് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിധിക്ക് എതിരെ ഭരണകൂടം അപ്പീൽ നൽകുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. അമേരിക്കൻ ജനതയുടെ സമ്പത്തും ഉദാരതയും ചൂഷണം ചെയ്യുന്നവർ ഇമിഗ്രേഷൻ സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഈ നയം കൊണ്ടുവന്നതെന്നായിരുന്നു സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ മുൻ നിലപാട്.
Setback for Trump administration; US federal court overturns visa ban against 75 countries















