യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി പങ്കുവച്ചേക്കാമെന്ന് തമാശയായി പറഞ്ഞ് 2026ലെ സമാധാന നൊബേൽ പുരസ്‌കാരം നേടിയ ദക്ഷിണാഫ്രിക്കൻ നിയമവിദഗ്ധ നവി പിള്ള. പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ജർമനിയിലെ ന്യൂറംബർഗിൽ സംസാരിക്കുകയായിരുന്നു അവർ. ഇതോടെ, നൊബേൽ നേടാനുള്ള ട്രംപിന്റെ ആഗ്രഹം വീണ്ടും ചർച്ചയാകുന്നതാണ് നവി പിള്ളയുടെ പരാമർശം.
“കുറച്ചുകൂടി കൈയടിച്ചാൽ ഈ പുരസ്‌കാരം ട്രംപുമായി പങ്കുവച്ചേക്കാം,” എന്നായിരുന്നു നവി പിള്ളയുടെ വാക്കുകൾ. യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ എന്നിവയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കുന്നതിലൂടെ സമാധാനവും അന്താരാഷ്ട്ര നിയമവും പ്രോത്സാഹിപ്പിച്ചതിനാണ് പിള്ളയ്ക്ക് പുരസ്‌കാരം ലഭിച്ചത്.
സമാധാന നൊബേൽ നേടാനുള്ള ആഗ്രഹം ട്രംപ് പലതവണ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. തന്റെ നയതന്ത്ര ഇടപെടലുകൾക്ക് പുരസ്‌കാരം ലഭിക്കേണ്ടതാണെന്നും അദ്ദേഹം വാദിച്ചിരുന്നു. 2025ലെ സമാധാന നൊബേൽ ജേതാവും വെനസ്വേലൻ പ്രതിപക്ഷ നേതാവുമായ മരിയ കൊറീന മച്ചാഡോ പുരസ്‌കാരം ട്രംപുമായി പങ്കുവയ്ക്കാമെന്ന് ഈ വർഷം ജനുവരിയിൽ അറിയിച്ചതോടെയാണ് വിഷയം വീണ്ടും ശ്രദ്ധ നേടിയത്. പുരസ്‌കാരം സ്വീകരിക്കുന്നത് വലിയ ബഹുമതിയായിരിക്കുമെന്ന് ട്രംപ് ഫോക്സ് ന്യൂസിനോട് പ്രതികരിച്ചു. ട്രംപ് പലതവണ സമാധാന നൊബേലിന് അർഹനായിട്ടുണ്ടെന്ന് വൈറ്റ് ഹൗസും അവകാശപ്പെട്ടിരുന്നു.
ജനാധിപത്യ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിനും ഏകാധിപത്യത്തിൽനിന്ന് ജനാധിപത്യത്തിലേക്കുള്ള സമാധാനപരമായ മാറ്റത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്കുമാണ് മച്ചാഡോയ്ക്ക് 2025ലെ പുരസ്‌കാരം ലഭിച്ചത്. ഒളിവിൽ കഴിയുന്നതിനിടെയാണ് മച്ചാഡോയ്ക്ക് പുരസ്‌കാരം ലഭിച്ചത്. 2025 ഡിസംബറിൽ ഓസ്ലോയിൽ നടന്ന ചടങ്ങിൽ മകൾ അന കൊറീന സോസയാണ് മെഡലും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങിയത്. 2026 ജനുവരി 15ന് വൈറ്റ് ഹൗസിൽ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ മച്ചാഡോ മെഡൽ അദ്ദേഹത്തിന് കൈമാറി. വെനസ്വേലയുടെ സ്വാതന്ത്ര്യത്തോടുള്ള ട്രംപിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായാണ് മെഡൽ നൽകിയതെന്ന് അവർ പറഞ്ഞു.
എന്നാൽ, നൊബേൽ മെഡൽ മറ്റൊരാൾക്ക് കൈമാറാമെങ്കിലും പുരസ്‌കാരം പങ്കുവയ്ക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ലെന്നും പുരസ്‌കാര ജേതാവെന്ന പദവി കമ്മിറ്റിയുടെ തിരഞ്ഞെടുപ്പിലൂടെ അംഗീകാരം ലഭിച്ച വ്യക്തിക്കോ സംഘടനയ്ക്കോ മാത്രമായിരിക്കുമെന്നും നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.
അതേസമയം, ഇന്ത്യൻ തമിഴ് വംശജരായ മാതാപിതാക്കളുടെ മകളായി ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ജനിച്ച നവി പിള്ള, വർണവിവേചന കാലത്ത് വളർന്നുവന്ന പ്രമുഖ നിയമവിദഗ്ധയാണ്. ദക്ഷിണാഫ്രിക്കൻ ഹൈക്കോടതിയിൽ സേവനമനുഷ്ഠിച്ച അവർ പിന്നീട് റുവാണ്ടയ്ക്കായുള്ള അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലിലും അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലും പ്രവർത്തിച്ചു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അധിനിവേശ പലസ്തീൻ പ്രദേശങ്ങളെക്കുറിച്ചുള്ള യുഎൻ അന്വേഷണ കമ്മിഷന്റെ അധ്യക്ഷയായിരുന്ന നവി പിള്ള നിലവിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിയാണ്. മ്യാൻമറിനെതിരായ വംശഹത്യാ ആരോപണവുമായി ബന്ധപ്പെട്ട കേസും കോടതി പരിഗണിക്കുന്നുണ്ട്. ബലാത്സംഗവും ലൈംഗികാതിക്രമവും വംശഹത്യയുടെയോ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെയോ ഭാഗമായി കണക്കാക്കാവുന്ന ചരിത്രപ്രധാനമായ നിയമനടപടികളിൽ പിള്ള നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
മാധ്യമപ്രചാരണങ്ങൾ ലക്ഷ്യമിട്ട സമൂഹങ്ങൾക്കെതിരെ വിദ്വേഷവും അക്രമവും വളർത്തുന്നതെങ്ങനെയെന്നു പരിശോധിച്ച കേസുകളിലും അവർ ഇടപെട്ടു. സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കാനും ശക്തരായ രാജ്യങ്ങളെയും വ്യക്തികളെയും ഉത്തരവാദിത്തത്തിന് വിധേയരാക്കാനും ഇരകളെ സംരക്ഷിക്കാനും അന്താരാഷ്ട്ര നിയമത്തിന് നിർണായക പങ്കുണ്ടെന്ന് നൊബേൽ കമ്മിറ്റി വ്യക്തമാക്കി. അന്താരാഷ്ട്ര നിയമസ്ഥാപനങ്ങൾ ദുർബലമാകുന്നതും നിയമവാഴ്ചയെക്കാൾ അധികാരരാഷ്ട്രീയത്തിന് പ്രാധാന്യം വർധിക്കുന്നതും കമ്മിറ്റി ചൂണ്ടിക്കാട്ടി.
‘I may share it with Trump’: Navi Pillay jokes after winning the Nobel Peace Prize









