17 കാരിക്ക് വൃക്കരോഗം പിടിപെട്ട ഫേസ്ക്രീമിന്‍റെ ഉറവിടം കണ്ടെത്തി, വെളുപ്പിക്കൽ ക്രീമുകൾക്കെതിരെ കർശന നടപടി; വിജിലൻസ് അന്വേഷണം വരും, വിൽപ്പനയ്ക്കടക്കം നിയന്ത്രണം

തിരുവനന്തപുരം: മാരകമായ രാസവസ്തുക്കൾ അടങ്ങിയ വെളുപ്പിക്കൽ ക്രീമുകളുടെ വിൽപ്പനയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി. സൗന്ദര്യവർധക വസ്തുക്കളുടെ നിർമ്മാണത്തിന് മാത്രമാണ് നിലവിൽ ലൈസൻസ് ഉള്ളതെന്നും വിൽപ്പനയ്ക്കും വിതരണത്തിനും യാതൊരു മാനദണ്ഡങ്ങളുമില്ലാത്ത സാഹചര്യം മാറ്റുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. കേരളത്തിൽ ഇത്തരം ഉത്പന്നങ്ങൾ വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാക്കാനും, ഓൺലൈൻ വിൽപ്പനയ്ക്കടക്കം കർശന മാർഗരേഖ തയ്യാറാക്കാനുമാണ് നീക്കം. വിഷയത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി, ആരോഗ്യ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മലപ്പുറത്ത് 17-കാരി പരാതി നൽകിയ മെർക്കുറി കലർന്ന ഫേസ്ക്രീമിന്റെ കസ്റ്റമർ കെയർ നമ്പർ കാസർഗോഡ് സ്വദേശിനിയായ ഒരു സ്ത്രീയുടെ പേരിലാണെന്ന് പൊലീസ് കണ്ടെത്തി. പെൺകുട്ടിക്ക് വാട്സ്ആപ്പ് വഴി ക്രീമിന്റെ ഓഫറുകൾ അയച്ചുനൽകിയതും ബന്ധപ്പെട്ടതും ഈ നമ്പറിൽ നിന്നാണ്. പാക്കിസ്ഥാനിൽ നിർമ്മിച്ച ഈ ക്രീം ദുബായ് വഴി കേരളത്തിലേക്ക് കടത്തുന്ന കാസർഗോഡ്-മംഗലാപുരം കേന്ദ്രീകരിച്ചുള്ള വൻ സംഘത്തിലേക്ക് അന്വേഷണം എത്തുമെന്നാണ് പൊലീസിന്റെ നിഗമനം. ക്രീമിന്റെ ഉത്പാദന ഉറവിടം കണ്ടെത്തി വിശദമായ പരിശോധന നടത്തണമെന്ന് ഡ്രഗ്സ് കൺട്രോളർ റീജിയണൽ വിഭാഗവും റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഹാനികരമായ പദാർത്ഥങ്ങൾ അടങ്ങിയ കോസ്മെറ്റിക് ഉത്പന്നങ്ങൾ കണ്ടെത്തുന്നതിനായി മെഡിക്കൽ ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ, ബ്യൂട്ടി സ്റ്റോറുകൾ എന്നിവ കേന്ദ്രീകരിച്ച് ‘ഓപ്പറേഷൻ സൗന്ദര്യ’ പരിശോധനകൾ വ്യാപകമാക്കാൻ ഡ്രഗ്സ് കൺട്രോളർ വിഭാഗം തീരുമാനിച്ചു. ഫേസ്ക്രീമുകളിലെ ഹെവി മെറ്റൽ സാന്നിധ്യം പ്രത്യേകം പരിശോധിക്കും. കൂടാതെ, ഉപഭോക്താക്കൾക്കും സംശയമുള്ള ക്രീമുകൾ ഡ്രഗ് കൺട്രോളർ ലാബുകളിൽ എത്തിച്ച് പരിശോധന നടത്താനുള്ള സൗകര്യമുണ്ടെന്നും അധികൃതർ അറിയിച്ചു.

Kerala Health Department Seeks Vigilance Probe into Toxic Fairness Creams; Moves to Regulate Cosmetic Sales and Expand ‘Operation Saundarya’ Inspections

More Stories from this section

family-dental
witywide