
പാലക്കാട്: ക്ലാസ് മുറിയിൽവെച്ച് സഹപാഠിയുടെ കൈവശമുണ്ടായിരുന്ന തോക്കിൽനിന്ന് വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. പാലക്കാട് പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. വീട്ടിലുണ്ടായിരുന്ന നാടൻ തോക്ക് സ്കൂളിലെത്തിച്ച വിദ്യാർഥി സഹപാഠിക്ക് കാണിച്ചുകൊടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
രാവിലെ 11 മണിയോടെ രണ്ടാം പിരീഡിനിടെയായിരുന്നു സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന തോക്കുമായാണ് വിദ്യാർഥി സ്കൂളിലെത്തിയത്. തുടർന്ന് സഹപാഠികൾക്ക് തോക്ക് കാണിച്ചുകൊടുക്കുന്നതിനിടെ രണ്ടുതവണ വെടിപൊട്ടി. ആദ്യ വെടിയുണ്ടയിൽ ആർക്കും പരിക്കേറ്റില്ല. രണ്ടാമത്തെ വെടിയേറ്റാണ് വിദ്യാർഥിയുടെ തോളിന് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സ്കൂൾ അടപ്പിച്ചു. റിവോൾവറിന് സമാനമായ നാടൻ തോക്കാണ് വിദ്യാർഥി കൊണ്ടുവന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.















