‘മോഹിച്ചത് ഐടി ജോലി, ഒടുവിൽ ഡെലിവറി ബോയ്’; വിദേശത്ത് ഇന്ത്യൻ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ തകരുന്നു

ന്യൂഡൽഹി: മെച്ചപ്പെട്ട തൊഴിലവസരങ്ങൾ തേടി വിദേശത്ത് പഠിക്കുക എന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ സ്വപ്നം കടുത്ത പ്രതിസന്ധിയിൽ. കർശനമായ വിസ നിയമങ്ങൾ, മന്ദഗതിയിലുള്ള തൊഴിൽ വിപണി, രൂപയുടെ മൂല്യത്തകർച്ച എന്നിവയാണ് വിദേശ പഠനം ആഗ്രഹിക്കുന്നവർക്ക് വലിയ വെല്ലുവിളിയാകുന്നത്. പരമ്പരാഗതമായി ഇന്ത്യൻ വിദ്യാർത്ഥികൾ തിരഞ്ഞെടുത്തിരുന്ന യു.എസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ കുടിയേറ്റ നയങ്ങൾ കർശനമാക്കിയതോടെ വിദ്യാർത്ഥികൾ കടുത്ത സാമ്പത്തിക അനിശ്ചിതത്വത്തിലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു.

പഠനം പൂർത്തിയാക്കിയ ശേഷം തങ്ങൾ പഠിച്ച മേഖലകളിൽ വിദഗ്ധ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ വിദേശത്ത് എത്തുന്നത്. എന്നാൽ യഥാർത്ഥ സാഹചര്യം ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്ന് നോർത്ത് അമേരിക്ക അസോസിയേഷൻ ഓഫ് ഇന്ത്യൻ സ്റ്റുഡന്റ്സ് സ്ഥാപകൻ സുധാൻഷു കൗശിക് വ്യക്തമാക്കുന്നു. പലരും ഒടുവിൽ ഗിഗ് ഇക്കോണമി (ഡെലിവറി, പാർട്ട് ടൈം ജോലികൾ) മേഖലകളിൽ മുഴുവൻ സമയ ജീവനക്കാരായി മാറാൻ നിർബന്ധിതരാകുന്നു. മുൻപ് പഠനച്ചെലവ് കണ്ടെത്താൻ ഇത്തരം ജോലികൾ താൽക്കാലികമായി ചെയ്തിരുന്നെങ്കിൽ, ഇന്ന് ബിരുദം നേടിയ ശേഷവും വിദ്യാർത്ഥികൾക്ക് ഇതിനെത്തന്നെ ആശ്രയിക്കേണ്ടി വരുന്നു.

വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ കുറവ്

ലോകത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വിദേശത്ത് പഠിക്കാൻ പോകുന്ന രാജ്യം ഇന്ത്യയാണ്. 2025-ൽ 12 ലക്ഷത്തിലധികം പേരാണ് ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പഠനാവശ്യത്തിന് പറന്നത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ യു.എസ്, യുകെ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ 20% കുറവുണ്ടായതായി എഡ്വൈസ് ഇൻ്റർനാഷണൽ വ്യക്തമാക്കുന്നു. വരും വർഷങ്ങളിൽ ഇത് വീണ്ടും 10-15% വരെ കുറയാൻ സാധ്യതയുണ്ട്. യുകെയിലെ 76% സർവ്വകലാശാലകളും ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. യു.എസിൽ ഒരു വർഷത്തിനിടെ (2025 ഫെബ്രുവരി മുതൽ 2026 ഫെബ്രുവരി വരെ) പ്രവേശന നിരക്ക് 7 ശതമാനത്തോളം കുറഞ്ഞു.

പകൽപ്പോലെ വ്യക്തമായ പ്രതിസന്ധി

നിലവിലെ യു.എസ് ഭരണകൂടത്തിൻ്റെ കർശന നയങ്ങൾ, വിസ പ്രശ്നങ്ങൾ, എഐയുടെ വളർച്ച മൂലം തൊഴിൽ വിപണിയിലുണ്ടായ മാറ്റങ്ങൾ എന്നിവയെല്ലാം ചേർന്ന് വിദ്യാർത്ഥികളെ വലിയൊരു പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഇത് വിദ്യാർത്ഥികളെ മാത്രമല്ല, വിദേശ സർവ്വകലാശാലകളെയും ആ രാജ്യങ്ങളിലെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

‘I wanted an IT job, but ended up as a delivery boy’; Indian students’ dreams are shattered abroad

More Stories from this section

family-dental
witywide