
മോൺട്രിയൽ: കാനഡയിലെ മോൺട്രിയൽ നഗരത്തിലുണ്ടായ ദാരുണമായ വെടിവെപ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു സാധാരണക്കാരനും അക്രമിയും കൊല്ലപ്പെട്ടു. മോൺട്രിയലിലെ ഏറ്റവും ജനസാന്ദ്രതയേറിയ കോട്ട്-ഡെസ്-നെയിംസ് എന്ന പ്രദേശത്ത് തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. കൃത്യനിർവ്വഹണത്തിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത് കഴിഞ്ഞ 24 വർഷത്തിനിടെ മോൺട്രിയലിൽ ആദ്യമായാണ്. ആക്രമണത്തിൽ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 11:30 ഓടെ ഒരു കെട്ടിടത്തിൻ്റെ ജനലിലൂടെ തോക്ക് പുറത്തേക്ക് നീട്ടിപ്പിടിച്ചിരിക്കുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനു നേരെ അക്രമി ലോങ് റേഞ്ച് തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിനൊടുവിൽ അക്രമിയെ പൊലീസ് സംഭവസ്ഥലത്തു വച്ച് തന്നെ വെടിവെച്ച് കൊന്നു. കൊല്ലപ്പെട്ട സാധാരണക്കാരൻ്റെയോ പൊലീസ് ഉദ്യോഗസ്ഥൻ്റെയോ പേരുവിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ആക്രമണത്തെത്തുടർന്ന് ക്യൂബെക്ക് പ്രവിശ്യയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും, പ്രദേശത്തെ മെട്രോ സർവീസുകളും പ്രധാന ഹൈവേ ഗതാഗതവും മണിക്കൂറുകളോളം സ്തംഭിക്കുകയും ചെയ്തു. പിന്നീട് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സുരക്ഷാ മുന്നറിയിപ്പ് പിൻവലിച്ചത്.
അക്രമി ഒറ്റയ്ക്കാണ് ഈ കൃത്യം ചെയ്തതെന്നാണ് പൊലീസ് ചീഫ് ഫേഡി ഡാഗർ അറിയിച്ചത്. സ്ത്രീകളോടുള്ള വിദ്വേഷം പ്രകടിപ്പിക്കുന്നതും, പൊലീസിനെ ആക്രമിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതുമായ ലഘുലേഖകൾ അക്രമി വിതരണം ചെയ്തിരുന്നതായി കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
സംഭവത്തിൽ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി, മോൺട്രിയൽ മേയർ സൊറായ മാർട്ടിനെസ് ഫെറാഡ, ക്യൂബെക്ക് പ്രീമിയർ ക്രിസ്റ്റിൻ ഫ്രെഷെറ്റ് എന്നിവർ നടുക്കവും കടുത്ത അനുശോചനവും രേഖപ്പെടുത്തി.
Shooting in Canada: Two dead, including a police officer, assailant also killed














