ന്യൂയോർക്ക്: മൂന്ന് വർഷമായി ലണ്ടനിൽ താമസിക്കുന്ന യുവതി അമേരിക്കയിലേക്ക് മടങ്ങിയെത്തിയപ്പോൾ സൂപ്പർമാർക്കറ്റിൽ ഉണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലായി. കടയിലെ ഷെൽഫുകളിൽ നിരന്നിരുന്ന എണ്ണമറ്റ ഉൽപ്പന്നങ്ങൾ കണ്ട് ഏത് വാങ്ങണമെന്ന് പോലും തീരുമാനിക്കാനായില്ലെന്നാണ് യുവതി പറയുന്നത്. മെലിസ ചൻ എന്ന യുവതിയാണ് എക്‌സിൽ (X) പങ്കുവെച്ച കുറിപ്പിലാണ് അനുഭവം വിവരിച്ചത്. സാധാരണ ഗ്രാനോള വാങ്ങാൻ എത്തിയപ്പോഴാണ് അമേരിക്കയിലെയും ബ്രിട്ടനിലെയും ഉപഭോക്തൃ സംസ്കാരത്തിലെ വലിയ വ്യത്യാസം തനിക്ക് വ്യക്തമായതെന്ന് അവർ പറഞ്ഞു.
“മൂന്ന് വർഷമായി ലണ്ടനിലാണ് താമസം. ഓരോ തവണ അമേരിക്കയിൽ തിരിച്ചെത്തുമ്പോഴും ഇവിടുത്തെ സമൃദ്ധിയുമായി വീണ്ടും പൊരുത്തപ്പെടേണ്ടിവരുന്നു. ഗ്രാനോള ഷെൽഫിന് മുന്നിൽ വായും തുറന്ന് നിന്നുപോയി. ഇത്രയധികം ഓപ്ഷനുകൾ കണ്ടപ്പോൾ തല തന്നെ കറങ്ങിപ്പോയി,” എന്നാണ് മെലിസ കുറിച്ചത്. ചോക്ലേറ്റ്–പീനട്ട് ബട്ടർ–ബനാന ക്രഞ്ച്, മേപ്പിൾ പീക്കാൻ എസ്പ്രസോ, കീറ്റോ, പാലിയോ, ഗ്ലൂട്ടൻ ഫ്രീ, പ്രോട്ടീൻ സമ്പുഷ്ടം, പ്രോബയോട്ടിക് തുടങ്ങി ഡസൻകണക്കിന് വകഭേദങ്ങളാണ് ഷെൽഫുകളിലുണ്ടായിരുന്നതെന്നും അവർ പറഞ്ഞു.”ഇത്രയധികം തിരഞ്ഞെടുപ്പുകൾക്ക് മുന്നിൽ ഞാൻ അക്ഷരാർഥത്തിൽ സ്തംഭിച്ചുപോയി,” എന്നും അവർ കൂട്ടിച്ചേർത്തു.
അമേരിക്കയിൽ ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും പുതിയ ബ്രാൻഡുകൾ അവതരിപ്പിക്കാനും കൂടുതൽ അവസരങ്ങളുള്ളതിനാലാണ് ഉപഭോക്താക്കൾക്ക് ഇത്രയും വൈവിധ്യമാർന്ന തിരഞ്ഞെടുപ്പുകൾ ലഭിക്കുന്നതെന്നും മെലിസ അഭിപ്രായപ്പെട്ടു. മെലിസയുടെ പോസ്റ്റിന് താഴെ നിരവധി പേർ സമാന അനുഭവങ്ങൾ പങ്കുവെച്ചു. “47 ബ്രാൻഡുകളുടെ ഗ്രാനോള ഉണ്ടായതുകൊണ്ട് മാത്രം എല്ലാം മികച്ചതാണെന്ന് പറയാനാകില്ല,” എന്ന് ഒരാൾ പ്രതികരിച്ചു. “ലണ്ടനിലെ ഓഫീസിൽ ഇന്ന് ഞങ്ങളും ഇതേ വിഷയം ചർച്ച ചെയ്തിരുന്നു,” എന്ന് മറ്റൊരാൾ കുറിച്ചു.
അതേസമയം, അമിതമായ തിരഞ്ഞെടുപ്പുകൾക്ക് മറുവശവും ഉണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടി. കൂടുതൽ ഉൽപ്പന്നങ്ങളും കൂടുതൽ ഉപഭോഗവും അമിതവണ്ണം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കാമെന്നും യൂറോപ്പിലെ കർശന നിയന്ത്രണങ്ങൾ കാരണം അവിടുത്തെ വിപണിയിൽ ഉൽപ്പന്നങ്ങളുടെ വൈവിധ്യം താരതമ്യേന കുറവാണെന്നും ചില ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.
‘I was paralysed by options’: Woman compares US supermarkets with London, internet relates












