
ദോഹ: തങ്ങളുടെ സൈനിക വിമാനങ്ങൾ തകർത്തതിന് പിന്നാലെ മൂന്ന് പൈലറ്റുമാരെ ഖത്തർ മാസങ്ങളായി തടങ്കലിൽ വെച്ചിരിക്കുകയാണെന്ന് ആരോപണവുമായി ഇറാന്റെ സൈനിക കമാൻഡർ സയ്യിദ് മുഹമ്മദ് ബാഗർസാദ രംഗത്തെത്തി. അന്താരാഷ്ട്ര റെഡ് ക്രോസിന് അയച്ച കത്തിലാണ് അദ്ദേഹം ഈ ഗുരുതര ആരോപണം ഉന്നയിച്ചതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഖത്തറിലെ യുഎസ് സൈനിക താവളം ലക്ഷ്യമിട്ടെത്തിയ ഇറാന്റെ രണ്ട് എസ്‍യു-24 ബോംബർ വിമാനങ്ങളാണ് ഖത്തർ സേന വെടിവെച്ചിട്ടത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരിൽ ഒരാൾ കൊല്ലപ്പെട്ടെന്നും ജവാദ് സാലിഹി, അബ്ദോൽമജീദ് ദഷ്തിയൻ, ഉമ്രാൻ ബെ റോ ഷിയ എന്നീ മൂന്ന് പൈലറ്റുമാർ ഖത്തർ സൈന്യത്തിന്റെ കസ്റ്റഡിയിലാണെന്നും ബാഗർസാദകാശപ്പെട്ടു. നയതന്ത്ര തലത്തിൽ കടുത്ത ശ്രമങ്ങൾ നടന്നിട്ടും ഇവർക്ക് ബന്ധുക്കളെയോ ഉദ്യോഗസ്ഥരെയോ കാണാൻ അനുവാദം നൽകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതാദ്യമായാണ് പൈലറ്റുമാർ ഖത്തറിന്റെ കസ്റ്റഡിയിലാണെന്ന് ഇറാൻ പരസ്യമായി ആരോപിക്കുന്നത്. എന്നാൽ സംഭവത്തിൽ തെളിവുകളൊന്നും ഇറാന്റെ ഭാഗത്ത് നിന്ന് പുറത്തുവിട്ടിട്ടില്ല. അതേസമയം, ഇറാന്റെ വിമാനങ്ങൾ തടസ്സപ്പെടുത്തുന്നതിനിടയിൽ മുന്നറിയിപ്പുകളോട് പ്രതികരിക്കാതിരുന്നതിനെ തുടർന്നാണ് ഖത്തറിന്റെ എഫ്-15 പോർവിമാനം വ്യോമാക്രമണത്തിലൂടെ ഇവയെ വെടിവെച്ചിട്ടതെന്ന് യുഎസ് മാധ്യമങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ആരോപണങ്ങളിൽ ഖത്തർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.















