
ജറുസലേം: ലെബനനിലെ നബാത്തിയ, അൻസാർ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ തിരിച്ചടിയിൽ 11 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ, ഹിസ്ബുള്ള സാധാരണക്കാരെ മനഃപൂർവ്വം അപകടത്തിലേക്ക് തള്ളിയിടുകയാണെന്ന ആരോപണവുമായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. തങ്ങളുടെ സൈനികർക്ക് നേരെ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ മൂന്ന് സൈനികർക്ക് കഠിനമായി പരിക്കേറ്റെന്നും, ഇതിന് മറുപടിയായാണ് ഹിസ്ബുള്ളയുടെ പ്രധാന കേന്ദ്രങ്ങൾ തകർത്തതെന്നും ഇസ്രായേൽ എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
ഹിസ്ബുള്ളയുടെ സൈനിക കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന സങ്കേതത്തിനുള്ളിൽ സാധാരണക്കാരെ മനഃപൂർവ്വം പാർപ്പിച്ചിരിക്കുകയായിരുന്നുവെന്ന കാര്യം ആക്രമണത്തിന് ശേഷമാണ് തങ്ങളുടെ സൈന്യത്തിന് മനസ്സിലായതെന്ന് ഇസ്രായേൽ വൃത്തങ്ങൾ അവകാശപ്പെട്ടു. ഇസ്രായേൽ മനഃപൂർവ്വം സാധാരണക്കാരെ ലക്ഷ്യമിടുന്നുവെന്ന് വരുത്തിതീർക്കാൻ സ്വന്തം ജനങ്ങളെ മനുഷ്യകവചങ്ങളാക്കാൻ പോലും ഹിസ്ബുള്ള മടിക്കുന്നില്ലെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
മുൻപ് ഗാസയിൽ ആൽ-ശിഫ ആശുപത്രി ഉൾപ്പെടെയുള്ള സംരക്ഷിത കേന്ദ്രങ്ങൾക്കും സാധാരണക്കാരുടെ സങ്കേതങ്ങൾക്കും നേരെ ആക്രമണം നടത്തിയപ്പോഴും ഇതേ വാദമുയർത്തിയായിരുന്നു ഇസ്രായേൽ സൈന്യം നടപടികളെ ന്യായീകരിച്ചിരുന്നത്.















