ന്യൂയോർക്കിലെ സിനഗോഗിൽ ആക്രമണം, പ്രാർത്ഥന നടക്കവെയുള്ള ആക്രമണത്തിന് ഒരാൾ അറസ്റ്റിൽ; ആഗോള തലത്തിൽ വൻ അമർഷം

ന്യൂയോർക്ക്: മാൻഹട്ടനിലെ സെൻട്രൽ സിനഗോഗിൽ വെള്ളിയാഴ്ച രാത്രി നടന്ന ഷബാത്ത് പ്രാർത്ഥന തടസ്സപ്പെടുത്തുകയും സ്ത്രീയെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ 46-കാരൻ അറസ്റ്റിലായി. ദി ബ്രോങ്ക്‌സ് സ്വദേശിയായ ലാറി മോണ്ടെസ് എന്നയാളെയാണ് ന്യൂയോർക്ക് പോലീസ് പിടികൂടിയത്. വംശീയ അധിക്ഷേപവും വെറുപ്പും മുൻനിർത്തിയുള്ള കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രാർത്ഥന നടക്കവെ സിനഗോഗിലേക്ക് അതിക്രമിച്ച് കയറിയ ഇയാൾ അക്രമം അഴിച്ചുവിടുകയായിരുന്നു. ആരാധനാലയത്തിന്റെ വസ്തുവകകൾ നശിപ്പിച്ച മോണ്ടെസിനെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്താക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ ഉദ്യോഗസ്ഥന്റെ മുഖത്ത് തുപ്പുകയും തലകൊണ്ട് ഇടിക്കാൻ ശ്രമിക്കുകയും ചെയ്തതായി പോലീസ് കമ്മീഷണർ ജെസിക്ക ടിഷ് അറിയിച്ചു. അക്രമത്തിനിടയിൽ 63-കാരിയായ സ്ത്രീക്ക് ചുണ്ടിലും കൈയ്യിലും പരിക്കേറ്റു. അതിക്രമത്തിന്റെ ദൃശ്യങ്ങൾ സിനഗോഗിലെ തത്സമയ സംപ്രേക്ഷണത്തിൽ പതിഞ്ഞിട്ടുണ്ട്.

ആക്രമണ സമയത്ത് വൻ തോതിലുള്ള പരിഭ്രാന്തിയാണ് പ്രാർത്ഥനയ്ക്കെത്തിയവർക്കിടയിൽ ഉണ്ടായത്. തോക്കുപയോഗിച്ചുള്ള ആക്രമണമാണെന്ന് കരുതി പലരും ഭയന്നോടിയതായി ദൃക്സാക്ഷികൾ വ്യക്തമാക്കി. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്ന് തന്നെ തടഞ്ഞുനിർത്തിയതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവാക്കാനായി. സംഭവത്തെ കടുത്ത ഭാഷയിൽ അപലപിച്ച ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി, ഇത്തരത്തിലുള്ള വെറുപ്പിന്റെ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.

More Stories from this section

family-dental
witywide