10 ലക്ഷം ഡോളർ ലോട്ടറി അടിച്ചതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാരൻ അമേരിക്കയിൽ പിടിയിൽ; സമ്മാനത്തുക ലഭിക്കുമോ എന്നതിൽ അവ്യക്തത

ബോസ്റ്റൺ: മസാച്യുസെറ്റ്‌സിൽ ഒരു മില്യൺ ഡോളർ (ഏകദേശം 8.4 കോടി രൂപ) ലോട്ടറി അടിച്ചതിന് ദിവസങ്ങൾക്ക് ശേഷം യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ യുവാവിനെ തടങ്കലിലാക്കി. ബോസ്റ്റണിൽ നിന്ന് വാങ്ങിയ സ്ക്രാച്ച്-ഓഫ് ലോട്ടറി ടിക്കറ്റിലൂടെ സമ്മാനം നേടിയ ഏരിയൽ വെലാസ്ക്വസ്-മൊറാലസ് ആണ് പിടിയിലായത്. കഴിഞ്ഞ ആഴ്ച മസാച്യുസെറ്റ്സ് സ്റ്റേറ്റ് ലോട്ടറി അധികൃതർ സമ്മാനജേതാവായ ഇദ്ദേഹത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷം, ഇതേ ചിത്രം റീപോസ്റ്റ് ചെയ്തുകൊണ്ട് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതായി ഐ.സി.ഇ അറിയിക്കുകയായിരുന്നു.

2013-ൽ എൽ സാൽവഡോറിൽ നിന്ന് അനധികൃതമായി അമേരിക്കയിൽ പ്രവേശിച്ച വെലാസ്ക്വസ്-മൊറാലസിനെ നാടുകടത്താൻ 2014-ൽ ഇമിഗ്രേഷൻ കോടതി ഉത്തരവിട്ടിരുന്നതായി ഐ.സി.ഇ പ്രസ്താവനയിൽ വ്യക്തമാക്കി. നാടുകടത്തൽ നടപടികൾക്ക് മുന്നോടിയായി ഇദ്ദേഹത്തെ തടങ്കലിലാക്കിയിരിക്കുകയാണ്. നികുതികൾ കിഴിച്ച് ഒറ്റത്തവണയായി 6,50,000 ഡോളർ കൈപ്പറ്റാനാണ് ഇദ്ദേഹം തീരുമാനിച്ചിരുന്നതെങ്കിലും, തടങ്കലിലായ സാഹചര്യത്തിൽ ഈ സമ്മാനത്തുക ഇദ്ദേഹത്തിന് ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. “ഇ.ആർ.ഒ ബോസ്റ്റൺ ലോട്ടറിയിലേക്ക് സ്വാഗതം! ഇവിടെ അനധികൃത കുടിയേറ്റക്കാർക്കും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയക്കാർക്കും ഭാഗ്യമില്ല, ന്യൂ ഇംഗ്ലണ്ടിലെ നിയമം അനുസരിക്കുന്ന പൗരന്മാരാണ് എപ്പോഴും വിജയികൾ” എന്ന കുറിപ്പോടെയാണ് ഐ.സി.ഇയുടെ ബോസ്റ്റൺ ഓഫീസ് ഇദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ചത്.

അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ മുഖമായി മാറിയ കിൽമർ അബ്രെഗോ ഗാർസിയ (Kilmar Abrego Garcia) ഇതേ ആഴ്ച അമേരിക്ക വിട്ട് സ്പെയിനിലേക്ക് പോയി. 2011-ൽ അനധികൃതമായി അമേരിക്കയിലെത്തിയ ഇദ്ദേഹത്തെ എൽ സാൽവഡോറിലേക്ക് തിരിച്ചയക്കുന്നത് കോടതി വിലക്കിയിരുന്നെങ്കിലും, 2025 മാർച്ചിൽ അബദ്ധത്തിൽ എൽ സാൽവഡോറിലെ കുപ്രസിദ്ധമായ സെകോട്ട് ജയിലിലേക്ക് നാടുകടത്തിയിരുന്നു. തുടർന്ന് കോടതി ഉത്തരവ് പ്രകാരം തിരികെയെത്തിച്ചെങ്കിലും ക്രിമിനൽ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യുകയും, നാടുകടത്തലിനെച്ചൊല്ലി ഒരു വർഷത്തിലേറെയായി നിയമപോരാട്ടം തുടരുകയുമായിരുന്നു. ഒടുവിൽ താൻ സ്വമേധയാ സ്പെയിനിലേക്ക് മാറിയതാണെന്ന് ഗാർസിയ വ്യക്തമാക്കിയപ്പോൾ, ഇദ്ദേഹം സ്വയം നാടുകടത്തലിന് വിധേയനായതിൽ സന്തോഷമുണ്ടെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിൻ പ്രതികരിച്ചു.

More Stories from this section

family-dental
witywide