
വാഷിംഗ്ടൺ: ഡോണൾഡ് ട്രംപിന്റെ ഭരണകാലത്ത് ഏതൊരു ദിവസത്തേക്കാളും ഉയർന്ന തുക ഒരു ദിവസത്തിൽ മാത്രം കുടിയേറ്റ വിഭാഗങ്ങളുടെ മേൽനോട്ട ചുമതലയുള്ള ഐ.സി.ഇ ചെലവഴിച്ചതായി കാണിക്കുന്ന ഫെഡറൽ രേഖകൾ പുറത്ത്. തടങ്കൽ കേന്ദ്രങ്ങൾ സ്വന്തമാക്കുന്നതിനായി ഷിക്കാഗോ ടൈറ്റിൽ ഇൻഷുറൻസ് കമ്പനിയുടെ എസ്‌ക്രോ അക്കൗണ്ടിലേക്ക് ഏജൻസി കോടിക്കണക്കിന് ഡോളർ അഡ്വാൻസായി നൽകുകയായിരുന്നുവെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് വക്താവ് അറിയിച്ചു.
തടങ്കൽ മെഗാ സെന്ററുകളാക്കി മാറ്റാൻ ലക്ഷ്യമിട്ട് 11 വെയർഹൗസുകൾ വാങ്ങുന്നതിനായി തുടർന്നുള്ള രണ്ട് മാസത്തിനുള്ളിൽ 1.07 ബില്യൺ ഡോളറാണ് ഐ.സി.ഇ ഇതിൽ നിന്നും ചെലവഴിച്ചത്. എന്നാൽ ഇതിൽ ഏഴ് വെയർഹൗസുകൾ പിന്നീട് വിൽക്കാൻ ഏജൻസി തീരുമാനിക്കുകയാണുണ്ടായത്. ഈ പദ്ധതി ഉപേക്ഷിച്ചതിന് ശേഷവും കോടിക്കണക്കിന് ഡോളർ മാസങ്ങളോളം ആ കമ്പനിയിൽ തന്നെ കിടക്കുകയായിരുന്നു. തുടർന്ന് ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ കോർപോറേറ്റ് പ്രൈസൺ കമ്പനിയായ കോർസിവിക്കിൽ (CoreCivic) നിന്ന് നാല് തടങ്കൽ കേന്ദ്രങ്ങൾ വാങ്ങുന്നതിനായി 2.2 ബില്യൺ ഡോളർ ഐ.സി.ഇ ഇതേ അക്കൗണ്ടിൽ നിന്ന് മാറ്റുകയും ചെയ്തു.
എന്നാൽ തടങ്കൽ ശേഷി അടിയന്തരമായി വർദ്ധിപ്പിക്കുന്നതിനിടയിൽ കോടിക്കണക്കിന് ഡോളർ നികുതിദായകരുടെ പണം ഐ.സി.ഇ ധൂർത്തടിച്ചതായി ജി.എ.ഒ നടത്തിയ റിപ്പോർട്ടിൽ കണ്ടെത്തി. തടങ്കൽ കേന്ദ്രങ്ങൾ വാങ്ങുന്നതിലെ ദീർഘകാല ചെലവുകൾ കണക്കാക്കുന്നതിൽ ഏജൻസി പരാജയപ്പെട്ടു. തുടർന്ന് ഉപയോഗിക്കില്ലെന്ന് കണ്ടെത്തിയ വെയർഹൗസുകൾ വാങ്ങിയ വകയിൽ മാത്രം 20 ദില്യൺ ഡോളറോളം നഷ്ടമുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ വെയർഹൗസുകൾ വാങ്ങിയ വിലയേക്കാൾ കുറഞ്ഞ തുകയ്ക്കാണ് വിൽക്കുന്നതെങ്കിൽ കൂടുതൽ നഷ്ടം ഉണ്ടായേക്കാമെന്നും ജി.എ.ഒ മുന്നറിയിപ്പ് നൽകുന്നു.
പ്രസിഡന്റിന്റെ വൻതോതിലുള്ള നാടുകടത്തൽ അജണ്ടയുടെ ഭാഗമായി തടങ്കൽ കിടക്കകളുടെ എണ്ണം ഇരട്ടിയാക്കാൻ ഐ.സി.ഇ ശ്രമം തുടരുന്നതിനിടയിലും, ഇതുപോലുള്ള വിവിധ ആവശ്യങ്ങൾക്കായി 1.55 ബില്യൺ ഡോളർ കൂടി ഷിക്കാഗോ ടൈറ്റിൽ ഇൻഷുറൻസിന്റെ പക്കൽ നിലവിലുണ്ട്. പുതിയ സൗകര്യങ്ങൾ നിർമ്മിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി വിവിധ കമ്പനികൾക്ക് 10 ബില്യൺ ഡോളർ വരെ മൂല്യം വരുന്ന കരാറുകളാണ് ഈ ആഴ്ച മാത്രം ഐ.സി.ഇ നൽകിയിട്ടുള്ളത്.











