‘ഡെമോക്രാറ്റുകൾ ജയിച്ചാൽ അമേരിക്ക കമ്മ്യൂണിസ്റ്റ് രാജ്യമാകും’: ഷി ജിൻപിംഗിനെ സ്വീകരിക്കാനിരിക്കെ ട്രംപിൻ്റെ വാക്കുകൾ ചർച്ചയാകുന്നു

വാഷിംഗ്ടൺ: നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പ്രചാരണം ശക്തമാക്കി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. കമ്മ്യൂണിസമാണ് “അമേരിക്ക നേരിട്ടതിൽ വെച്ച് ഏറ്റവും വലിയ ഭീഷണി” എന്ന് പ്രഖ്യാപിച്ച ട്രംപ്, പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയെ കമ്മ്യൂണിസ്റ്റുകളെന്ന് വിളിച്ച് രൂക്ഷമായി ആക്രമിച്ചു. എന്നാൽ, ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് രാജ്യത്തിന്റെ തലവനായ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെ ഈ ആഴ്ച ഒരു ഔദ്യോഗിക സന്ദർശനത്തിനായി വൈറ്റ് ഹൗസിലേക്ക് സ്വീകരിക്കാൻ ട്രംപ് തയ്യാറെടുക്കുന്നതിനിടയിലാണ് ഈ പ്രസ്താവനകൾ എന്നത് ശ്രദ്ധേയമാണ്.

ഡള്ളസിൽ നടന്ന റിപ്പബ്ലിക്കൻ മിഡ്‌ടേം കൺവെൻഷനിൽ സംസാരിക്കവെയാണ് ട്രംപ് ഡെമോക്രാറ്റുകൾക്കെതിരെ രംഗത്തുവന്നത്. തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ വിജയിച്ചാൽ അമേരിക്ക ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മിഷിഗൺ, കൊളറാഡോ, ന്യൂയോർക്ക്, ഫ്ലോറിഡ, പെൻസിൽവേനിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രൈമറി തെരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് അനുകൂലികളായ സ്ഥാനാർത്ഥികൾ വിജയിച്ചതിനെ ചൂണ്ടിക്കാണിച്ചായിരുന്നു ട്രംപിന്റെ വിമർശനം.

അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ ചില സമീപകാല സാമ്പത്തിക നയങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് അകത്ത് തന്നെ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ന്യൂക്ലിയർ പവർ പ്രൊഡ്യൂസറായ വെസ്റ്റിംഗ്ഹൗസ്, പ്രമുഖ ചിപ്പ് നിർമ്മാതാക്കളായ ഇന്റൽ എന്നിവയുൾപ്പെടെ മുപ്പതിലധികം സ്വകാര്യ കമ്പനികളുടെ ഓഹരികൾ സർക്കാർ സ്വന്തമാക്കിയതാണ് ഇതിന് കാരണം. സർക്കാരിന്റെ ഈ നടപടി ഒരു മുതലാളിത്ത രാജ്യത്തിന് ചേർന്നതല്ലെന്നും, കേന്ദ്രീകൃത ആസൂത്രണമുള്ള സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയ്ക്ക് സമാനമാണെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. “ഗവൺമെന്റ് ഉത്പാദന ഉപാധികൾ സ്വന്തമാക്കുന്നതാണ് സോഷ്യലിസമെങ്കിൽ, ഇന്റൽ കമ്പനിയുടെ ഓഹരികൾ സർക്കാർ വാങ്ങുന്നത് സോഷ്യലിസത്തിലേക്കുള്ള ചുവടുവെപ്പല്ലേ?” എന്ന് പ്രമുഖ റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോൾ എക്സിൽ കുറിച്ചു.

ഇറാനിലെ ജനപ്രീതിയില്ലാത്ത യുദ്ധം, ഉയർന്ന പണപ്പെരുപ്പം, ട്രംപിന്റെ കുറഞ്ഞുവരുന്ന ജനപ്രീതി എന്നിവ സൃഷ്ടിക്കുന്ന രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കിടയിലാണ് ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാൻ റിപ്പബ്ലിക്കൻ പാർട്ടി കമ്മ്യൂണിസ്റ്റ് വിരുദ്ധ കാർഡുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

‘If Democrats win, America will become a communist country’: Trump’s remarks spark discussion ahead of Xi Jinping’s visit.