
ഇസ്‌ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാൻ ഖാന് തടവിൽ ശരിയായ വൈദ്യസഹായവും മാനുഷിക പരിഗണനയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ലോക ക്രിക്കറ്റിലെ പ്രമുഖ മുൻ നായകന്മാർ രംഗത്ത്. ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സുനിൽ ഗാവസ്കർ, മുൻ ക്യാപ്റ്റൻ കപിൽ ദേവ്, ഇംഗ്ലണ്ടിൻ്റെ സർ അലസ്റ്റർ കുക്ക്, ഓസ്‌ട്രേലിയയുടെ സ്റ്റീവ് വോ തുടങ്ങി 21 മുൻ രാജ്യാന്തര ക്രിക്കറ്റ് ക്യാപ്റ്റന്മാരാണ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് സംയുക്തമായി കത്തയച്ചത്.
അഴിമതിക്കേസുകളിൽ പ്രതിയായി 2023 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന 73-കാരനായ ഇമ്രാൻ ഖാൻ്റെ ആരോഗ്യാവസ്ഥയിൽ കടുത്ത ആശങ്കയുണ്ടെന്ന് മുൻ താരങ്ങൾ കത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഴ്ച കോടതി നിർദ്ദേശപ്രകാരം ആശുപത്രിയിലെത്തിച്ച ഇമ്രാൻ ഖാന്, സർക്കാർ നിയോഗിച്ച മെഡിക്കൽ സംഘത്തിന് മുന്നിൽ “ഏതാനും മണിക്കൂറുകൾ” മാത്രമാണ് അനുവദിച്ചതെന്ന് കത്തിൽ പറയുന്നു.
പാകിസ്താൻ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഇമ്രാൻ ഖാന്റെ വ്യക്തിഗത ഡോക്ടർമാരെക്കൂടി ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണം, വലതുകണ്ണിൻ്റെ കാഴ്ചശക്തി കുറയുന്നുവെന്ന റിപ്പോർട്ടുകൾ ഈ ബോർഡ് പരിശോധിക്കണം, കോടതി ഉത്തരവ് പ്രകാരം ഇമ്രാൻ ഖാൻ്റെ കുടുംബാംഗങ്ങൾക്ക് ആഴ്ചതോറുമുള്ള സന്ദർശനങ്ങൾ തടസ്സങ്ങളില്ലാതെ അനുവദിക്കണം, മെഡിക്കൽ ബോർഡ് നിർദ്ദേശിക്കുന്ന തുടർചികിത്സകൾ ഒട്ടും വൈകാതെ ലഭ്യമാക്കണം തുടങ്ങിയവയാണ് ക്രിക്കറ്റ് ലോകം മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങൾ.
“ഇമ്രാൻ ഖാൻ മൂന്ന് വർഷത്തിലധികമായി തടവിലാണ്. അദ്ദേഹത്തിൻ്റെ കേസിനെച്ചൊല്ലിയുള്ള നിയമപരവും രാഷ്ട്രീയവുമായ തർക്കങ്ങൾ എന്തുതന്നെയായാലും, കോടതി ഉത്തരവിട്ട ഒരു മെഡിക്കൽ പരിശോധന പൂർത്തിയാക്കുക എന്നത് അടിസ്ഥാനപരമായ മര്യാദ മാത്രമാണ്,” മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ഗ്രെഗ് ചാപ്പൽ മുൻകൈയെടുത്ത് തയ്യാറാക്കിയ കത്തിൽ വ്യക്തമാക്കുന്നു. മൈക്കൽ അതേർട്ടൻ, നാസർ ഹുസൈൻ, ആദം ഗിൽക്രിസ്റ്റ്, ദിലീപ് വെങ്‌സർക്കർ തുടങ്ങിയ പ്രമുഖരും കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. ക്രിക്കറ്റ് മൈതാനത്ത് രൂപപ്പെട്ട ദൃഢബന്ധം രാജ്യങ്ങളുടെ അതിരുകൾക്കും തർക്കങ്ങൾക്കും അതീതമാണെന്ന് കത്തയച്ചവർ ഓർമ്മിപ്പിച്ചു.
നിലവിൽ ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തിയതും സർക്കാർ സമ്മാനങ്ങൾ വിറ്റതുമുൾപ്പെടെ നൂറിലധികം കേസുകളാണ് ഇമ്രാൻ ഖാനെതിരെ പാകിസ്താനിലുള്ളത്. എന്നാൽ ഇവയെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നാണ് അദ്ദേഹത്തിൻ്റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) വാദിക്കുന്നത്.
ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി പരിശോധിക്കാൻ പാക് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും, സർക്കാർ അദ്ദേഹത്തെ സർക്കാർ ആശുപത്രിയിലാണ് എത്തിച്ചത്. തുടർന്ന് അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്ന് സർക്കാർ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുകയും വീണ്ടും ജയിലിലേക്ക് മാറ്റുകയുമായിരുന്നു. ഇതിനെതിരെ ഇമ്രാൻ്റെ പാർട്ടി കോടതിലക്ഷ്യ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.
Imran Khan should be provided with immediate medical care: Cricket legends including Sunil Gavaskar and Kapil Dev write to Shehbaz Sharif













