15കാരന്‍റെ അഴിഞ്ഞാട്ടം! വൻ മരങ്ങളെല്ലാം പിന്നിലായി, ഐപിഎല്ലിൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കി വൈഭവ് സൂര്യവംശി; കൂടുതൽ സിക്സ് അടിച്ചതും കൗമാരതാരം

അഹമ്മദാബാദ്: ഐപിഎല്‍ 2026 സീസണിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍ക്കുള്ള ഓറഞ്ച് ക്യാപ് രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാരതാരം വൈഭവ് സൂര്യവംശി സ്വന്തമാക്കി. ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും നേരത്തെ പുറത്തായതോടെയാണ് സൂര്യവംശിയുടെ ഒന്നാം സ്ഥാനം ഉറപ്പായത്. സീസണില്‍ 16 ഇന്നിങ്‌സുകളില്‍ നിന്ന് 237.31 എന്ന അതിശയകരമായ സ്‌ട്രൈക്ക് റേറ്റില്‍ 776 റണ്‍സാണ് സൂര്യവംശി അടിച്ചുകൂട്ടിയത്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറികളും നേടിയ താരം, 72 സിക്‌സുകളുമായി ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ ബാറ്ററെന്ന നേട്ടവും സ്വന്തമാക്കി.

ഓറഞ്ച് ക്യാപ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ശുഭ്മാന്‍ ഗില്‍ 16 മത്സരങ്ങളില്‍ നിന്ന് 732 റണ്‍സാണ് നേടിയത്. ഒരു സെഞ്ചുറിയും ആറ് അര്‍ധസെഞ്ചുറികളും ഗില്ലിന്റെ പേരിലുണ്ട്. ഫൈനലില്‍ ആര്‍സിബിക്കെതിരെ എട്ട് പന്തില്‍ 10 റണ്‍സെടുത്ത ശേഷമാണ് ഗില്‍ പുറത്തായത്. 17 മത്സരങ്ങളില്‍ നിന്ന് 722 റണ്‍സ് നേടിയ സായ് സുദര്‍ശന്‍ മൂന്നാം സ്ഥാനത്താണ്. ഒരു സെഞ്ചുറിയും എട്ട് അര്‍ധസെഞ്ചുറികളും സായ് ഈ സീസണില്‍ സ്വന്തമാക്കി. അതേസമയം, വെറും 15 വയസ്സും 65 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് സൂര്യവംശി ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും താരം സ്വന്തം പേരില്‍ കുറിച്ചു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ എലിമിനേറ്റര്‍ മത്സരത്തില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോര്‍ഡിന് തൊട്ടരികിലെത്താനും സൂര്യവംശിക്കായിരുന്നു. 29 പന്തുകളില്‍ നിന്ന് 97 റണ്‍സ് നേടി കുതിക്കവെയാണ് താരം പുറത്തായത്. ഈ മിന്നും സീസണിന്റെ കരുത്തില്‍ വെറും 23 ഇന്നിങ്‌സുകളില്‍ നിന്ന് ഐപിഎല്‍ കരിയറിലെ 1000 റണ്‍സ് പൂര്‍ത്തിയാക്കാനും സൂര്യവംശിക്ക് സാധിച്ചു. ഇതോടെ ഐപിഎല്ലില്‍ 1000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും വേഗമേറിയ ഇന്ത്യന്‍ താരമെന്ന ബഹുമതിയും കൗമാരതാരത്തെ തേടിയെത്തി.

Also Read