‘സാമ്പത്തിക യുദ്ധം’ തുടർന്നാൽ ഒരു തുള്ളി എണ്ണപോലും കയറ്റുമതി ചെയ്യില്ല; അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും കടുത്ത മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ: തങ്ങൾക്കെതിരെയുള്ള അമേരിക്കയുടെ “സാമ്പത്തിക യുദ്ധം” തുടരുകയാണെങ്കിൽ രാജ്യത്തുനിന്ന് ഒരു തുള്ളി എണ്ണപോലും പുറത്തേക്ക് കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്ന് ഇറാൻ. ഹോർമുസ് കടലിടുക്ക് വഴിയോ പേർഷ്യൻ ഗൾഫിൻ്റെ മറ്റ് ഭാഗങ്ങൾ വഴിയോ എണ്ണക്കടത്ത് പൂർണ്ണമായും തടയുമെന്നാണ് ഇറാൻ്റെ മുന്നറിയിപ്പ്. ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സൻ റെസായെയാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാനിയൻ ജനതയ്‌ക്കെതിരായ അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളിൽ പങ്കാളികളാകുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്ന മറ്റ് രാജ്യങ്ങളുടെ നടപടിയെ യുദ്ധപ്രഖ്യാപനമായി മാത്രമേ ഇറാൻ കണക്കാക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനുപിന്നാലെ, ഹോർമുസ് കടലിടുക്കിലെ യാത്രാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന കപ്പലുകൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഇറാൻ്റെ പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റിയും (PGSA) വ്യക്തമാക്കി. ഇത്തരം കപ്പലുകൾക്ക് ഭാവിയിൽ യാത്രാവിലക്ക് ഏർപ്പെടുത്തുക, വൻ തുക പിഴ ചുമത്തുക, കപ്പലുകൾ തടഞ്ഞുവെക്കുകയോ കണ്ടുകെട്ടുകയോ ചെയ്യുക തുടങ്ങിയ കർശന നടപടികളിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്.

ഒരു രാജ്യത്തിന് നേരെ ഉണ്ടായിട്ടുള്ളതിൽ വച്ച് “ഏറ്റവും കഠിനമായ സാമ്പത്തിക നടപടിക്ക്” തൻ്റെ ഭരണകൂടം തുടക്കം കുറിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാൻ്റെ ഭാഗത്തുനിന്ന് ഈ കടുത്ത പ്രതികരണമുണ്ടായിരിക്കുന്നത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധം കൂടുതൽ വഷളാവുകയും ആഗോള എണ്ണ വിപണിയിൽ ആശങ്ക പടരുകയും ചെയ്തിട്ടുണ്ട്.

Iran warns US that it will not export a single drop of oil if ‘economic war’ continues

More Stories from this section

family-dental
witywide