ചെന്നൈ: സ്ത്രീകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സംസ്ഥാന നിയമസഭയിൽ തിങ്കളാഴ്ച നടത്തിയ പ്രഖ്യാപനങ്ങളിൽ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിക്കുന്നതും കുടുംബങ്ങൾക്ക് വർഷം മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുന്നതും ഉൾപ്പെടുന്നു.
‘അന്നപൂർണി സൂപ്പർ സിക്സ്’ എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായി കുടുംബനാഥകളായ സ്ത്രീകൾക്ക് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുമെന്നാണ് റിപ്പോർട്ട്. ‘അന്നപൂർണി സൂപ്പർ സിക്സ്’ പദ്ധതിയിലൂടെ ഏകദേശം 1.3 കോടി കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പറഞ്ഞു. ജനുവരിയിലെ പൊങ്കൽ മുതൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകൾക്ക് എല്ലാ സർക്കാർ ബസുകളിലും സൗജന്യ യാത്ര
നിലവിലുള്ള സ്ത്രീകളുടെ സൗജന്യ ബസ് യാത്രാ പദ്ധതി കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള സാധാരണ ബസുകൾക്ക് പുറമെ എക്സ്പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. സൗജന്യ യാത്രയ്ക്ക് വരുമാനപരിധിയോ യാത്രകളുടെ എണ്ണത്തിന് നിയന്ത്രണമോ ഉണ്ടായിരിക്കില്ലെന്നും വിജയ് നിയമസഭയിൽ വ്യക്തമാക്കി.
പരന്തൂരിലെ വിമാനത്താവള പദ്ധതി ഉപേക്ഷിക്കും
അതേസമയം, ചെന്നൈയിലെ പരന്തൂരിൽ രണ്ടാമത്തെ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പദ്ധതി കൃഷിഭൂമിയെ ബാധിക്കുകയും കർഷകരുടെയും പ്രദേശവാസികളുടെയും ഉപജീവനമാർഗങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
ചെന്നൈയിലെ മീനമ്പാക്കം വിമാനത്താവളത്തിന് നിലവിൽ പ്രതിവർഷം 3 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടെന്ന് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) നിയന്ത്രണത്തിലുള്ള വിമാനത്താവളത്തെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.
നഗരത്തിന്റെ വർധിച്ചുവരുന്ന ആവശ്യകത, വ്യവസായ വളർച്ച, ചരക്ക് ഗതാഗതത്തിലെ വർധന എന്നിവ കണക്കിലെടുത്ത് ചെന്നൈയ്ക്ക് പുതിയ വിമാനത്താവളം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കൃഷിഭൂമിക്കും ജനവാസ മേഖലകൾക്കും ഏറ്റവും കുറഞ്ഞ ആഘാതമുണ്ടാകുന്ന സ്ഥലത്തായിരിക്കണം പുതിയ വിമാനത്താവളം നിർമിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Tamil Nadu Chief Minister Vijay’s major announcements: Free bus travel for women to be expanded further; three free LPG cylinders annually.















