
ലണ്ടൻ/കീവ്: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള തൻ്റെ ആദ്യ വിദേശ സന്ദർശനത്തിനായി ആൻഡി ബേൺഹാം തിങ്കളാഴ്ച യുക്രെയ്ൻ തലസ്ഥാനമായ കീവിലെത്തും. യുക്രെയ്ൻ്റെ 35-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കുചേരുന്ന അദ്ദേഹം, യുദ്ധക്കെടുതി അനുഭവിക്കുന്ന രാജ്യത്തിന് യുകെയുടെ പൂർണ്ണ പിന്തുണയും ദൃഢനിശ്ചയവും ഒരിക്കൽക്കൂടി ആവർത്തിച്ചു വ്യക്തമാക്കും.
തൻ്റെ മുൻഗാമി സർ കീർ സ്റ്റാർമറുടെ നേതൃത്വത്തിൽ യുകെയും ഫ്രാൻസും ചേർന്ന് രൂപീകരിച്ച ‘കോയലിഷൻ ഓഫ് ദി വില്ലിംഗ്’ (സന്നദ്ധ രാജ്യങ്ങളുടെ കൂട്ടായ്മ) സഖ്യത്തിൻ്റെ ആദ്യ യോഗത്തിൽ ബേൺഹാം അധ്യക്ഷത വഹിക്കും. യുക്രെയ്ന് യുകെ നൽകിയ നിരന്തരമായ പിന്തുണ കണക്കിലെടുത്ത് ബ്രിട്ടീഷ് ജനതയ്ക്കായി സമർപ്പിക്കുന്ന പ്രത്യേക പുരസ്കാരവും അദ്ദേഹം സന്ദർശന വേളയിൽ ഏറ്റുവാങ്ങും.
കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഉക്രെയ്നിലെ ജനവാസ മേഖലകൾക്ക് നേരെ റഷ്യൻ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഈ നിർണായക സന്ദർശനം. കഴിഞ്ഞ വെള്ളിയാഴ്ച ഒരു ഷോപ്പിംഗ് മാളിൽ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടിരുന്നു.
“യുക്രെയ്ൻ്റെ സ്വാതന്ത്ര്യദിനത്തിൽ അവിടുത്തെ ജനങ്ങൾക്ക് ഞാൻ ഒരു ഉറപ്പ് നൽകുന്നു; യുകെ എന്നും നിങ്ങൾക്കൊപ്പമുണ്ടാകും. എത്രകാലം വേണമെങ്കിലും ഈ പിന്തുണ തുടരും,” കീവിലേക്ക് തിരിക്കും മുൻപ് ബേൺഹാം വ്യക്തമാക്കി. ഉക്രെയ്ന്റെ സുരക്ഷ ബ്രിട്ടൻ്റെയും സുരക്ഷയാണെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം റഷ്യയുടെ അധിനിവേശ യുദ്ധത്തേക്കാൾ കാലങ്ങളോളം നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, റഷ്യൻ അതിർത്തിക്കുള്ളിലെ എണ്ണ ശുദ്ധീകരണ ശാലകൾക്കും ഓൺലൈൻ റീട്ടെയ്‌ലർ ഭീമനായ ‘വൈൽഡ്ബെറീസിൻ്റെ’ വെയർഹൗസുകൾക്കും നേരെ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ യുകെയുടെ ഡ്രോണുകൾ ഉപയോഗിച്ചതായി മോസ്കോ ആരോപിച്ചിരുന്നു. ഇതിന് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന റഷ്യൻ എംബസിയുടെ ഭീഷണിയെ ബേൺഹാം പൂർണ്ണമായി തള്ളി. തങ്ങൾ കഷ്ടകാലത്ത് മാത്രം കൂടെനിൽക്കുന്ന സുഹൃത്തുക്കളല്ലെന്നും, യുക്രെയ്ന് സ്വയം പ്രതിരോധിക്കാനുള്ള എല്ലാ സഹായങ്ങളും മുൻ സർക്കാരുകളെപ്പോലെ തൻ്റെ സർക്കാരും തുടരുമെന്നും ബേൺഹാം വ്യക്തമാക്കി.
സന്ദർശനത്തോടനുബന്ധിച്ച് തന്ത്രപ്രധാനമായ ഒരു പ്രതിരോധ പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തും. ഫ്രഞ്ച് ദീർഘദൂര മിസൈലായ ‘സ്കാൽപ്’ (SCALP) നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ബ്രിട്ടീഷ് ഘടകങ്ങളുടെ വിവരങ്ങൾ പരസ്യപ്പെടുത്താൻ പ്രതിരോധ കമ്പനിയായ എംബിഡിഎ-യ്ക്ക് സർക്കാർ അനുമതി നൽകും. യുക്രെയ്നിൽ വച്ചുതന്നെ ഈ മിസൈലുകൾ നേരിട്ട് അസംബിൾ ചെയ്യാനുള്ള പദ്ധതി ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ പരിഗണനയിലാണ്
ബ്രിട്ടനിൽ റഷ്യൻ അംബാസഡറായിരുന്ന ആൻഡ്രേ കെലിൻ അടുത്തിടെ പദവി ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് ഈ നയതന്ത്ര നീക്കങ്ങൾ നടക്കുന്നത്. പുതിയ അംബാസഡറെ റഷ്യ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, യുകെയുമായുള്ള നയതന്ത്രബന്ധം തരംതാഴ്ത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യൻ വക്താക്കൾ അറിയിച്ചു.
British Prime Minister Andy Burnham arrives in Kiev for first foreign visit; announces full support for Ukraine














