
റിയാദ്: യമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ സൗദി അറേബ്യൻ കപ്പലുകൾക്കെതിരെ സ്വന്തമായി സമുദ്ര ഉപരോധം പ്രഖ്യാപിച്ചു. ഇതോടെ വർഷങ്ങളായി ശാന്തമായിരുന്ന മറ്റൊരു പ്രാദേശിക സംഘർഷം കൂടി വീണ്ടും രൂക്ഷമാകാൻ സാധ്യതയേറി. “ക്രിമിനലുകളായ സൗദി ശത്രുക്കൾക്കെതിരെ ‘കണ്ണിന് കണ്ണ്’ എന്ന നയത്തിന്റെ അടിസ്ഥാനത്തിൽ ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ ഉപരോധം ഏർപ്പെടുത്തുന്നു” എന്ന് ഹൂതി വക്താവ് ടെലിവിഷൻ സന്ദേശത്തിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച യമൻ തലസ്ഥാനത്തെ വിമാനത്താവളത്തിന് നേരെ സൗദി അറേബ്യ ആക്രമണം നടത്തിയതായി ഹൂതികൾ ആരോപിച്ചിരുന്നു. ഈ ആക്രമണത്തോടെ റിയാദുമായി നിലനിന്നിരുന്ന വർഷങ്ങളായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചതായി ഹൂതികൾ മുന്നറിയിപ്പ് നൽകി. എന്നാൽ, സൈനിക-സുരക്ഷാ ഉദ്യോഗസ്ഥരെയും ഡ്രോൺ, മിസൈൽ സാങ്കേതിക വിദഗ്ദ്ധരെയും ഹൂതി കേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ ഇറാൻ വിമാനം അയച്ചുവെന്നാണ് റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗദി അനുകൂല യമൻ സർക്കാരിന്റെ ആരോപണം.
ഹൂതി നിയന്ത്രണത്തിലുള്ള വടക്കൻ മേഖലകളിൽ സൗദി അറേബ്യ തുടരുന്ന ഉപരോധവും, ടെഹ്‌റാനും സനയ്ക്കുമിടയിലുള്ള നേരിട്ടുള്ള വിമാന സർവ്വീസുകളും ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ സൗദിയും ഹൂതികളും തമ്മിൽ തർക്കം നിലനിന്നിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ആരംഭിച്ചതുമുതൽ, ചെങ്കടലിന്റെ തെക്കേ അറ്റത്തുള്ള തന്ത്രപ്രധാനമായ ബാബ് അൽ മാന്ദെബ് കടലിടുക്ക് ഉപരോധിക്കുമെന്ന് ഹൂതികൾ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. 2022-ൽ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തലും, തുടർന്ന് സൗദിയും ഇറാനും നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിനെ തുടർന്നുണ്ടായ ഉഭയകക്ഷി ചർച്ചകളും കാരണം നാല് വർഷത്തോളമായി മേഖലയിൽ വലിയ സംഘർഷങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ പുതിയ പ്രഖ്യാപനത്തോടെ മേഖല വീണ്ടും വൻ യുദ്ധഭീതിയിലേക്ക് തള്ളപ്പെടുകയാണ്.













