
കൊച്ചി കടവുംഭാഗം സിനഗോഗിന് മുന്നിൽ തീവെയ്പ്പ് നടത്തിയ സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കേസ് ഏറ്റെടുത്തു. കേസിൽ അറസ്റ്റിലായ എബിൻ ബാബുപോളിനെതിരെ കേരള പോലീസ് യു.എ.പി.എ ചുമത്തിയിരുന്നു. പ്രതി വിദേശികളുമായി ബന്ധപ്പെട്ടിരുന്നതായും സംഭവത്തിന് പിന്നിൽ വലിയ രീതിയിലുള്ള ഭീകരാക്രമണ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമുള്ള സംശയത്തെ തുടർന്ന് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് പോലീസ് നൽകിയ റിപോർട്ടിന്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ നടപടി. രാജ്യത്തിന്റെ അഖണ്ഡത തകർക്കാൻ ലക്ഷ്യമിട്ട ഭീകരപ്രവർത്തനം (വകുപ്പ് 16), ഗൂഢാലോചന (വകുപ്പ് 18) എന്നീ ഗുരുതരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
സിനഗോഗ് ആക്രമണത്തിന് പുറമെ മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിലും ഒഴിഞ്ഞ വീട്ടിലും തീയിട്ട സംഭവങ്ങളിലും എബിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എബിൻ പഠിച്ച പൂനെയിലെ സ്ഥാപനത്തിലെത്തി കേരള പോലീസ് സംഘം പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
അതേസമയം, പ്രതി എബിനെ ടെലിഗ്രാം വഴി നിയന്ത്രിച്ചിരുന്ന ‘ബോസ്’ എന്ന അജ്ഞാതനെ കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ടെലിഗ്രാമിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമായാൽ മാത്രമേ ഈ അജ്ഞാത വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ സൂചനകൾ ലഭിക്കൂ. കേസ് ഔദ്യോഗികമായി എൻ.ഐ.എ ഏറ്റെടുത്ത സാഹചര്യത്തിൽ, ഇതുവരെ ശേഖരിച്ച മുഴുവൻ വിവരങ്ങളും അടങ്ങിയ വിശദമായ റിപോർട്ട് പോലീസ് എൻ.ഐ.എക്ക് കൈമാറും.
Kochi Synagogue Arson Case Handed Over to NIA: Probe Begins into Mysterious ‘Boss’ and Foreign Terror Links













