‘ഇന്ത്യ മികച്ച പങ്കാളി, കൂടുതൽ ഇന്ധനം നൽകാൻ യുഎസ് തയ്യാർ’; നിർണായക സന്ദർശനത്തിന് മുന്നോടിയായി മാർക്കോ റൂബിയോ

വാഷിംഗ്ടൺ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തൻ്റെ ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യയെ അമേരിക്കയുടെ “മികച്ച പങ്കാളി” എന്ന് വിശേഷിപ്പിച്ചു. ഇന്ത്യയുമായുള്ള ഊർജ്ജ ബന്ധം വിപുലീകരിക്കാനാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വീഡൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി മയാമിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അവർ (ഇന്ത്യ) ഒരു മികച്ച സഖ്യകക്ഷിയാണ്, മികച്ച പങ്കാളിയാണ്. ഞങ്ങൾ അവരുമായി ചേർന്ന് ഒട്ടനവധി നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതൊരു സുപ്രധാന സന്ദർശനമാണ്. ഈ യാത്ര സാധ്യമായതിൽ എനിക്ക് സന്തോഷമുണ്ട്, കാരണം നമുക്ക് ഒരുപാട് കാര്യങ്ങൾ സംസാരിക്കാനുണ്ടാകും.”- അദ്ദേഹം പറഞ്ഞു.

യുഎസിൽ ഉത്പാദനവും കയറ്റുമതിയും എക്കാലത്തെയും ഉയർന്ന നിരക്കിലാണെന്നും ഇന്ത്യ വാങ്ങാൻ തയ്യാറുള്ളത്ര ഊർജ്ജം വിൽക്കാൻ അമേരിക്ക സന്നദ്ധമാണെന്നും റൂബിയോ പറഞ്ഞു. ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങളിൽ അമേരിക്കൻ വിഹിതം വർദ്ധിപ്പിക്കുന്നതിനൊപ്പം വെനസ്വേലൻ എണ്ണയുമായി ബന്ധപ്പെട്ട അവസരങ്ങളും ചർച്ചയിലുണ്ട്. “കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ ഇതിനകം തന്നെ അവരുമായി ചർച്ചകൾ നടത്തിവരികയാണ്. ഇന്ത്യയുടെ ഊർജ്ജ സ്രോതസ്സുകളുടെ പോർട്ട്ഫോളിയോയിൽ വലിയൊരു പങ്കാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വെനസ്വേലൻ എണ്ണയുമായി ബന്ധപ്പെട്ടും ചില അവസരങ്ങൾ ഉണ്ടെന്നാണ് ഞങ്ങൾ കരുതുന്നത്.”- ഹോർമുസ് കടലിടുക്ക് അടച്ചതുമൂലം ഇന്ത്യയിലുണ്ടായ ഇന്ധനവില വർദ്ധനവിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മെയ് 23 മുതൽ 26 വരെയാണ് റൂബിയോ ഇന്ത്യ സന്ദർശിക്കുന്നത്. മെയ് 26-ന് നടക്കുന്ന ക്വാഡ് യോഗത്തിൽ മാർക്കോ റൂബിയോ, ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജാപ്പനീസ് വിദേശകാര്യ മന്ത്രി മൊട്ടേഗി തോഷിമിത്സു, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവർ പങ്കെടുക്കും. വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസ് അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കുമെന്നും ഇതുവഴി പുതിയ ഊർജ്ജ ചർച്ചകൾക്ക് വഴിതുറക്കുമെന്നും റൂബിയോ സൂചിപ്പിച്ചു.

ഇന്ത്യയിലെ സന്ദർശനത്തിനിടയിൽ റൂബിയോ കൊൽക്കത്ത, ആഗ്ര, ജയ്പൂർ, ന്യൂഡൽഹി എന്നീ നഗരങ്ങൾ സന്ദർശിക്കും. കഴിഞ്ഞ 14 വർഷത്തിനിടെ ഒരു യുഎസ് സ്റ്റേറ്റ് സെക്രട്ടറി കൊൽക്കത്ത സന്ദർശിക്കുന്നത് ഇതാദ്യമായാണ്. ഇതിനുമുമ്പ് 2012-ൽ ഹിലരി ക്ലിൻ്റനാണ് കൊൽക്കത്ത സന്ദർശിച്ച അവസാന യുഎസ് സ്റ്റേറ്റ് സെക്രട്ടറി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്ന് മാർക്കോ റൂബിയോ കൂട്ടിച്ചേർത്തു.

‘India is a great partner, US ready to provide more fuel’; Marco Rubio ahead of crucial visit

More Stories from this section

family-dental
witywide