” ഇന്ത്യ ‘നരകക്കുഴി’ അല്ല മഹത്തായ രാജ്യം, മോദി ഉറ്റ സുഹൃത്ത്”; വിവാദ പോസ്റ്റിൽ ട്രംപിൻ്റെ തിരുത്തൽ

വാഷിങ്ടൺ: ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’ എന്ന് അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മണിക്കൂറുകൾക്കകം നിലപാട് തിരുത്തി. യുഎസിലെ പൗരത്വ നിയമങ്ങളെ വിമർശിക്കുന്ന റേഡിയോ അവതാരകൻ മൈക്കൽ സാവേജിൻ്റെ പോഡ്‌കാസ്റ്റ് ലിങ്ക് തൻ്റെ ‘ട്രൂത്ത് സോഷ്യൽ’ അക്കൗണ്ടിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ട്രംപിൻ്റെ വിവാദ പരാമർശം. സംഭവം വലിയ നയതന്ത്ര പ്രതിഷേധത്തിന് വഴിവെച്ചതോടെയാണ് ട്രംപ് തിരുത്തലുമായി രംഗത്തെത്തിയത്.

ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഗർഭിണികൾ അമേരിക്കൻ തീരങ്ങളിൽ വന്ന് പ്രസവിച്ച് കുഞ്ഞുങ്ങൾക്ക് പൗരത്വം നേടുകയാണെന്നും, ഇവർ അമേരിക്കയെ നശിപ്പിക്കുകയാണെന്നും പോസ്റ്റിൽ ആരോപിച്ചു. ഐടി മേഖലയിൽ ജോലി ചെയ്യുന്നവരെ ‘ലാപ്ടോപ്പുമായി എത്തിയ ഗുണ്ടകൾ’ എന്നും വിശേഷിപ്പിച്ചു. കുടിയേറ്റക്കാർ അമേരിക്കയുടെ സാംസ്‌കാരിക പശ്ചാത്തലത്തിന് ഭീഷണിയാണെന്ന വംശീയ പരാമർശങ്ങളും ട്രംപ് പങ്കുവെച്ച പോസ്റ്റിലുണ്ടായിരുന്നു.

ട്രംപിൻ്റെ പ്രസ്താവന ‘അറിവില്ലാത്തതും അസ്ഥാനത്തുള്ളതുമാണെന്ന്’ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന് നിരക്കാത്തതാണ് ഇത്തരമൊരു നിലപാടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. അമേരിക്കയിലെ ഇന്ത്യൻ വംശജർക്കിടയിലും വലിയ പ്രതിഷേധം ഇത് സൃഷ്ടിച്ചു.

വിവാദം കൊഴുത്തതോടെ ഇന്ത്യയെക്കുറിച്ച് ട്രംപിന് അനുകൂലമായ നിലപാടാണുള്ളതെന്ന് ന്യൂഡൽഹിയിലെ യുഎസ് എംബസി വ്യക്തമാക്കി. ഇന്ത്യൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി, പ്രസിഡന്റ് ഇന്ത്യയെ മികച്ച രീതിയിലാണ് വിശേഷിപ്പിച്ചിട്ടുള്ളതെന്ന് എംബസി വക്താവ് പറഞ്ഞു. “ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്, എന്റെ അടുത്ത സുഹൃത്താണ് അവിടെ ഭരണത്തിന് നേതൃത്വം നൽകുന്നത്” എന്ന് പ്രസിഡൻ്റ് പറഞ്ഞതായി വക്താവ് ഉദ്ധരിച്ചു. എന്നാൽ, ഇന്ത്യയെ പ്രശംസിച്ചുകൊണ്ടുള്ള ട്രംപിൻ്റെ പ്രസ്താവന എപ്പോൾ, എവിടെ വെച്ച് നടത്തിയതാണെന്ന് എംബസി വക്താവ് വ്യക്തമാക്കിയില്ലെങ്കിലും, ഇന്ത്യയോടുള്ള അദ്ദേഹത്തിൻ്റെ പൊതുവായ നിലപാടാണ് ഇതെന്നും വക്താവ് കൂട്ടിച്ചേർത്തു.

India is not a ‘hellhole’ but a great country, Modi is a close friend, Trump corrected the controversial post

More Stories from this section

family-dental
witywide