അന്താരാഷ്ട്ര ജലപാതയിലൂടെ സഞ്ചരിച്ച ചരക്കുകപ്പലുകൾക്ക് നേരെ അമേരിക്കൻ സൈന്യം നടത്തിയ മിസൈൽ ആക്രമണങ്ങളിൽ ഇന്ത്യ അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ചു. ഡൽഹിയിലെ അമേരിക്കൻ എംബസിയിലെ ചീഫ് ഡി മിഷൻ (CDA) ജെയ്സൺ മീക്സിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരിട്ട് വിളിച്ചുവരുത്തിയാണ് രാജ്യത്തിന്റെ കടുത്ത അതൃപ്തിയും ആശങ്കയും രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന സൈനിക ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സിവിലിയൻമാരുടെ സുരക്ഷിതമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ഇന്ത്യ യുഎസിനോട് കർശനമായി ആവശ്യപ്പെട്ടു.
ഒമാൻ തീരത്ത് വച്ച് അമേരിക്കൻ സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന 21 ഇന്ത്യൻ നാവികരെ രക്ഷപെടുത്തിയെങ്കിലും മൂന്ന് ഇന്ത്യൻ ജീവനക്കാരെ കാണാതായിട്ടുണ്ട്. ഒമാൻ തുറമുഖമായ സോഹാറിന് വടക്കുകിഴക്ക് അന്താരാഷ്ട്ര ജലപാതയിലാണ് പലാവു പതാകയേന്തിയ കപ്പലിന് നേരെ യുഎസ് യുദ്ധവിമാനം ആക്രമണം നടത്തിയത്. രണ്ട് ദിവസങ്ങൾക്ക് മുൻപ് സമാനമായ രീതിയിൽ ‘എംടി മാരിവെക്സ്’ എന്ന മറ്റൊരു കപ്പലിന് നേരെയും അമേരിക്കൻ സൈന്യം ആക്രമണം നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി ഇന്ത്യ നയതന്ത്രതലത്തിൽ ശക്തമായ ഇടപെടൽ നടത്തിയത്.
ഇറാനെതിരെയുള്ള അമേരിക്കൻ ഉപരോധം മറികടക്കാൻ കപ്പൽ ശ്രമിച്ചതിനാലാണ് നടപടിയെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) നൽകുന്ന ഔദ്യോഗിക വിശദീകരണം. ഇറാനിൽ നിന്ന് എണ്ണ കടത്താൻ ശ്രമിച്ച കപ്പലിന് കൃത്യമായ മുന്നറിയിപ്പുകൾ നൽകിയിരുന്നതായും, എന്നാൽ കപ്പൽ ജീവനക്കാർ നിർദ്ദേശങ്ങൾ നിരന്തരം ലംഘിച്ചതോടെയാണ് എഞ്ചിൻ റൂം ലക്ഷ്യമാക്കി യുഎസ് വിമാനം മിസൈൽ വർഷിച്ചതെന്നും അമേരിക്ക വ്യക്തമാക്കി. പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ആഗോളതലത്തിൽ വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.
India Lodges Strong Protest with US Over Cargo Ship Attack, Summons American Diplomat in Delhi













