
വാഷിംഗ്ടൺ: പ്രമുഖ എഴുത്തുകാരി ഇ. ജീൻ കരോളിന് മാനനഷ്ടക്കേസ് ഇനത്തിൽ 83.3 മില്യൺ ഡോളർ (ഏകദേശം 700 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകണമെന്ന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സുപ്രീം കോടതിയെ സമീപിച്ചു. മറ്റൊരു കേസിൽ ഇതേ എഴുത്തുകാരിക്ക് 5 മില്യൺ ഡോളർ നൽകണമെന്ന വിധി ഒഴിവാക്കാനുള്ള ട്രംപിൻ്റെ ശ്രമം പരാജയപ്പെട്ട് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പുതിയ നിയമനടപടി.
1990-കളിൽ മാൻഹട്ടനിലെ ബേർഗ്ഡോർഫ് ഗുഡ്മാൻ ഡിപ്പാർട്ട്മെൻ്റ് സ്റ്റോറിൽ വെച്ച് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 2019-ൽ കരോൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ ആരോപണം പൂർണ്ണമായും നിഷേധിച്ച ട്രംപ്, കരോളിനെ “ഭ്രാന്തി” എന്ന് വിളിക്കുകയും താൻ അവരെ കണ്ടിട്ടുപോലുമില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തു. തുടർച്ചയായി നടത്തിയ ഈ അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെയാണ് കരോളിൻ്റെ അഭിഭാഷകയായ റോബർട്ട കപ്ലാൻ കോടതിയെ സമീപിച്ച് വൻ തുക പിഴ വാങ്ങി നൽകിയത്.
താൻ ആദ്യമായി പ്രസിഡൻ്റ് പദവിയിലിരുന്ന കാലയളവിലാണ് ഈ പ്രസ്താവനകൾ നടത്തിയതെന്നും, അതിനാൽ തനിക്ക് ഔദ്യോഗിക പരിരക്ഷയ്ക്ക് അർഹതയുണ്ടെന്നുമാണ് ട്രംപിൻ്റെ ലീഗൽ ടീം വാദിക്കുന്നത്. മാത്രമല്ല, ഔദ്യോഗിക പദവിയിലിരിക്കെ നടത്തിയ പ്രതികരണങ്ങളുടെ പേരിൽ ഒരു യു.എസ്. പ്രസിഡൻ്റിന് ഇത്രയും വലിയ തുക പിഴ ചുമത്തുന്നത് രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.
ട്രംപിൻ്റെ മുൻ ക്രിമിനൽ പ്രതിരോധ അഭിഭാഷകൻ ടോഡ് ബ്ലാഞ്ച് നയിക്കുന്ന യു.എസ്. നീതിന്യായ വകുപ്പും ട്രംപിൻ്റെ ഈ അപ്പീലിനെ പിന്തുണയ്ക്കുന്നുണ്ട്. വെസ്റ്റ്ഫാൾ ആക്ട് പ്രകാരം ഒരു ഫെഡറൽ ജീവനക്കാരൻ എന്ന നിലയിൽ ട്രംപിന് നിയമപരമായ പരിരക്ഷയുണ്ടെന്നാണ് ഇവരുടെ വാദം.
കീഴ്ക്കോടതികൾ ട്രംപിൻ്റെ അപ്പീലുകൾ നേരത്തെ തള്ളിയിരുന്നു. ആദ്യത്തെ കേസിൽ പലിശയടക്കം 5.6 മില്യൺ ഡോളർ കരോളിന് ഇതിനകം ലഭിച്ചുകഴിഞ്ഞു. നിലവിലെ 83.3 മില്യൺ ഡോളറിൻ്റെ വിധി തുക 2024 മുതൽ കോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അക്കൗണ്ടിലാണ് നിക്ഷേപിച്ചിരിക്കുന്നത്. പുതിയ ഫയലിംഗിനെക്കുറിച്ച് പ്രതികരിക്കാൻ കരോളിൻ്റെ അഭിഭാഷകർ വിസമ്മതിച്ചു
Trump moves Supreme Court challenging ruling to pay Carrol $83.3 million















