
ന്യൂഡൽഹി: രാജ്യത്തെ പഴയ ബിഎസ്-3 വാഹനങ്ങളിൽ ഇ20 (20% എഥനോൾ കലർന്ന) പെട്രോൾ ഉപയോഗിക്കുന്നത് എൻജിൻ ഭാഗങ്ങൾക്ക് കേടുപാടുകൾ വരുത്തിയേക്കാമെന്ന് കേന്ദ്ര സർക്കാർ ഒടുവിൽ ഔദ്യോഗികമായി സമ്മതിച്ചു. രാജ്യസഭയിൽ എ.എ. റഹീം എം.പിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2005 ഏപ്രിൽ 1 മുതൽ അവതരിപ്പിച്ചതും 2016-ന് മുൻപ് നിർമ്മിച്ചതുമായ ബിഎസ്-3 വാഹനങ്ങളിലെ ചില റബ്ബർ ഭാഗങ്ങളെയും ഗാസ്കറ്റുകളെയും ഇ20 ഇന്ധനം ദോഷകരമായി ബാധിച്ചേക്കാമെന്നാണ് കേന്ദ്രത്തിൻ്റെ വെളിപ്പെടുത്തൽ. ഇ20 പെട്രോൾ വ്യാപകമായതോടെ വാഹനങ്ങൾക്ക് തകരാറുകൾ സംഭവിക്കുന്നു എന്ന പരാതികൾ ശക്തമാകുന്നതിനിടെയാണ് സർക്കാരിൻ്റെ ഈ നിർണായക വിശദീകരണം.
എന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ എൻജിനുകളിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. വാഹനങ്ങളുടെ സാധാരണ സർവീസിങ് സമയത്ത് തന്നെ തകരാറിലാകുന്ന റബ്ബർ ഭാഗങ്ങളും ഗാസ്കറ്റുകളും വളരെ എളുപ്പത്തിലും കുറഞ്ഞ ചെലവിലും മാറ്റിസ്ഥാപിക്കാൻ സാധിക്കും.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ , സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മറുപടി. ഇ20 ഇന്ധനം ഉപയോഗിക്കുന്നത് വാഹനങ്ങളുടെ സ്റ്റാർട്ടിങ്ങിനെയോ പ്രവർത്തനത്തെയോ ബാധിക്കുന്നില്ലെന്നും, ഇന്ധനക്ഷമത കുറയുന്നത് ഡ്രൈവിംഗ് ശീലങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ഘടകങ്ങൾ കൂടി കാരണമാണെന്നും സർക്കാർ കൂട്ടിച്ചേർത്തു.
Central government admits; E20 petrol may cause damage to old BS-3 vehicles














