
വാഷിംഗ്ടൺ: അമേരിക്കയിലെ സ്‌കൂളുകളിൽ വർദ്ധിച്ചുവരുന്ന വെടിവയ്പ്പ് (ഭവങ്ങൾ തടയുന്നതിനായി അത്യാധുനിക ഡ്രോൺ സാങ്കേതികവിദ്യ പരീക്ഷിക്കാൻ ഒരുങ്ങി അധികൃതർ. പുതിയ അധ്യയന വർഷത്തിൻ്റെ തുടക്കം മുതൽ കൊളറാഡോ, ഫ്ലോറിഡ, ജോർജിയ എന്നീ മൂന്ന് യു.എസ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിലാണ് പെപ്പർ സ്‌പ്രേ, തീവ്രമായ സ്ട്രോബ് ലൈറ്റുകൾ, സൈറണുകൾ എന്നിവ ഘടിപ്പിച്ച സുരക്ഷാ ഡ്രോണുകൾ വിന്യസിക്കുന്നത്.
ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മിഥ്‌റിൽ ഡിഫൻസ്’ എന്ന പ്രതിരോധ സാങ്കേതികവിദ്യ കമ്പനിയാണ് ഈ ഡ്രോണുകൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്. പൊലീസിനൊപ്പം ചേർന്ന്, പരമാവധി വേഗത്തിൽ അക്രമികളെ കീഴ്‌പ്പെടുത്താൻ ഈ ഉപകരണങ്ങൾക്ക് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
സ്‌കൂളുകൾക്കുള്ളിലെ സുരക്ഷിതമായ പെട്ടികളിലാണ് ഈ ഡ്രോണുകൾ സൂക്ഷിക്കുന്നത്. അടിയന്തിര സാഹചര്യങ്ങളിൽ ഏതാനും സെക്കൻഡുകൾക്കുള്ളിൽ ഇവയ്ക്ക് പറന്നുയരാൻ സാധിക്കും. സ്‌കൂൾ ഇടനാഴികളിലൂടെ മണിക്കൂറിൽ 50 മൈൽ (ഏകദേശം 80 കിലോമീറ്റർ) വേഗതയിൽ സഞ്ചരിക്കാൻ ഈ ഡ്രോണുകൾക്ക് കഴിയും.
വെടിവയ്പ്പ് ഉണ്ടായാൽ വെറും 15 സെക്കൻഡുകൾക്കുള്ളിൽ അക്രമിയെ കണ്ടെത്താൻ ഇവയ്ക്ക് സാധിക്കും. അക്രമിയെ കീഴ്‌പ്പെടുത്താനായി ശക്തമായ സൈറണുകൾ മുഴക്കുകയും, കണ്ണഞ്ചിപ്പിക്കുന്ന സ്ട്രോബ് ലൈറ്റുകൾ തെളിയിക്കുകയും, പെപ്പർ ജെൽ (കുരുമുളക് സ്പ്രേ) മുഖത്തേക്ക് ചീറ്റുകയും ചെയ്യും. അക്രമി വഴങ്ങിയില്ലെങ്കിൽ, മണിക്കൂറിൽ 60 മൈൽ വേഗതയിൽ ശരീരത്തിലേക്ക് നേരിട്ട് ചെന്ന് ഇടിച്ച് താഴെയിടാനും ഈ ഡ്രോണുകൾക്ക് രൂപകൽപ്പനയുണ്ട്. ടെക്സസിലെ ഓസ്റ്റിനിലുള്ള മിഥ്‌റിലിൻ്റെ ആസ്ഥാനത്തിരിക്കുന്ന വിദഗ്ദ്ധരായ പൈലറ്റുമാരാണ് റിമോട്ട് കൺട്രോൾ വഴി ഈ ഡ്രോണുകൾ പൂർണ്ണമായും നിയന്ത്രിക്കുന്നത്.
മിക്ക സ്‌കൂൾ വെടിവയ്പ്പുകളും രണ്ടോ മൂന്നോ മിനിറ്റുകൾക്കുള്ളിൽ അവസാനിക്കുന്നതിനാലാണ് സെക്കൻഡുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന ഡ്രോണുകൾ വിന്യസിക്കുന്നത്. സാധാരണയായി ഇത്തരം സംഭവങ്ങളിൽ ഇടപെടുന്ന പകുതിയോളം പൊലീസ് ഉദ്യോഗസ്ഥർക്ക് വെടിയേൽക്കാറുണ്ട്. എന്നാൽ പൊലീസിന് മുൻപായി ഡ്രോണുകൾ മുറിക്കുള്ളിൽ പ്രവേശിക്കുന്നത് വഴി ഉദ്യോഗസ്ഥരുടെ വിലപ്പെട്ട ജീവൻ രക്ഷിക്കാൻ സാധിക്കുമെന്ന് മിഥ്‌റിൽ സി.ഇ.ഒ ജസ്റ്റിൻ മാർസ്റ്റൺ വ്യക്തമാക്കി. “ഡ്രോണിന് വെടിയേറ്റാലും അത് വെറുമൊരു പ്ലാസ്റ്റിക് കഷണം മാത്രമാണ്, എന്നാൽ മനുഷ്യജീവൻ വിലമതിക്കാനാവാത്തതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
80,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു സ്‌കൂളിൽ ഈ സംവിധാനം ഒരുക്കാൻ വർഷത്തിൽ ഏകദേശം 20,000 ഡോളർ (ഏകദേശം 16.5 ലക്ഷം രൂപ) മാത്രമാണ് ചിലവ് വരുന്നത്. ഇത് ഒരു സുരക്ഷാ ജീവനക്കാരനെ നിയമിക്കുന്നതിനേക്കാൾ വളരെ കുറവാണ്. ഫ്ലോറിഡ, ജോർജിയ സംസ്ഥാനങ്ങളിൽ സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കുന്നത്. ലൂസിയാന ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളും ഈ സാങ്കേതികവിദ്യയിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
അമേരിക്കയിൽ പ്രതിവർഷം 4 ബില്യൺ ഡോളറാണ് സ്‌കൂളുകളുടെ സുരക്ഷയ്ക്കായി മാത്രം ചിലവഴിക്കുന്നത്. എന്നാൽ ഇത്തരം കടുത്ത സുരക്ഷാ മാർഗ്ഗങ്ങൾക്കെതിരെ ഒരു വിഭാഗം മാതാപിതാക്കളും വിദ്യാഭ്യാസ വിദഗ്ദ്ധരും ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
കുട്ടികൾ പഠിക്കുന്ന അന്തരീക്ഷത്തിൽ മാരകമായ ഡ്രോണുകൾ പറക്കുന്നത് അവരിൽ വലിയ തോതിലുള്ള ഭയവും ഉത്കണ്ഠയും ഉണ്ടാക്കുമെന്നാണ് ഇവരുടെ വാദം. കൂടാതെ, അബദ്ധത്തിൽ കുട്ടികൾക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിക്കപ്പെട്ടാൽ അത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും കൊളറാഡോയിലെ ചില രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കുന്നു. സാങ്കേതികവിദ്യയേക്കാൾ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും, അധ്യാപകരുമായി നല്ല ബന്ധം സ്ഥാപിക്കുകയുമാണ് അക്രമങ്ങൾ തടയാൻ ചെയ്യേണ്ടതെന്ന് ‘ലേണിംഗ് പോളിസി ഇൻസ്റ്റിറ്റ്യൂട്ട്’ പോലുള്ള ഗവേഷണ സംഘടനകൾ അഭിപ്രായപ്പെടുന്നു.
Drones with pepper spray and strobe lights to deter attackers in American schools; Three states with new safety experiment















