
സനാ: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ പതാക ഘടിപ്പിച്ച ചരക്കുകപ്പലിനു നേരെ ഒളിഞ്ഞിരുന്നാക്രമണം. ആക്രമണത്തിൽ ഗുരുതരമായി തകർന്ന കപ്പൽ പൂർണ്ണമായും കടലിൽ മുങ്ങി. യെമൻ്റെ പടിഞ്ഞാറൻ തീരത്തുള്ള തുറമുഖ നഗരമായ ഹൊദൈദയ്ക്ക് സമീപമാണ് ‘എംഎസ്വി ഫൈസെ നൂർ ഒലിയ’ എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത്.
കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാരും ഒരു യെമൻ സ്വദേശിയും ഉൾപ്പെടെ 14 നാവികരെയും യെമൻ സൈന്യം സുരക്ഷിതമായി ഒഴിപ്പിച്ചു. സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് ഉപയോഗിച്ചാണ് കപ്പലിന് നേരെ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് പിന്നാലെ കപ്പലിലേക്ക് വെള്ളം ഇരച്ചുകയറുകയും തുടർന്ന് മുങ്ങുകയുമായിരുന്നു.അപകടത്തിൽപ്പെട്ട നാവികരെ യെമൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി മോഖ തുറമുഖത്ത് എത്തിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ അടിയന്തര ചികിത്സയും മറ്റ് സഹായങ്ങളും നൽകിയതായി യെമൻ സൈനിക വക്താവ് അറിയിച്ചു. ഇവരെ നാട്ടിലെത്തിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ റിയാദിലെ ഇന്ത്യൻ എംബസി വഴി ആരംഭിച്ചിട്ടുണ്ട്.
പ്രതിരോധമില്ലാത്ത സാധാരണ ചരക്കുകപ്പലിനു നേരെ നടന്ന ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ചെങ്കടൽ മേഖലയിൽ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നതിൽ കടുത്ത ആശങ്കയുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ ഔദ്യോഗികമായി ആരും ഇതുവരെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെങ്കിലും യെമനിലെ ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
Indian cargo ship attacked in the Red Sea; Ship sinks, 13 Indian sailors safe












