
ലോസ് ആഞ്ചലസ്: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ കാലിഫോർണിയ സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുമ്പ് അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള ഗോൾഫ് കോഴ്‌സിന് സമീപത്ത് നിന്ന് തോക്കും മാരകമായ വെടിയുണ്ടകളുമായി യുവാവ് അറസ്റ്റിലായി. ഡൗണി സ്വദേശിയായ ജീനൈൻ ജോൺ ടേൽ (38) ആണ് പിടിയിലായത്.
രഞ്ചോ പാലോസ് വെർഡെസിലെ ട്രംപ് നാഷണൽ ഗോൾഫ് കോഴ്‌സ് പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട ഇയാളെ ഫെഡറൽ ഏജൻ്റുമാരാണ് കണ്ടെത്തിയത്. തുടർന്ന് പ്രാദേശിക പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഗോൾഫ് കോഴ്‌സിൻ്റെ സുരക്ഷാ ക്രമീകരണങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ പകർത്തുന്നുണ്ടായിരുന്നുവെന്ന് ലോസ് ആഞ്ചലസ് ഷെരീഫ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.
ചോദ്യം ചെയ്യലിൽ, പ്രദേശത്ത് നിന്ന് 15 മൈൽ അകലെയുള്ള എൽ സെഗുണ്ടോയിൽ നടന്ന ഒരു കവർച്ചാ കേസിലും ഇയാൾ പ്രതിയാണെന്ന് കണ്ടെത്തി. ഇയാളുടെ ശരീരത്തിലും ഗോൾഫ് കോഴ്‌സിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിലും നടത്തിയ പരിശോധനയിൽ ഒരു പിസ്റ്റളും, കാലിഫോർണിയയിൽ നിരോധനമുള്ള 16 റൗണ്ട് കപ്പാസിറ്റിയുള്ള ഉയർന്ന ശേഷിയുള്ള മാഗസിനുകളും, മാരകമായ ഹോളോ-പോയിൻ്റ് വെടിയുണ്ടകളും കണ്ടെടുത്തു.
സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് എഫ്.ബി.ഐയുടെ ജോയിൻ്റ് ടെററിസം ടാസ്‌ക് ഫോഴ്‌സും ഷെരീഫ് ഡിപ്പാർട്ട്‌മെൻ്റും ചേർന്ന് തിങ്കളാഴ്ച പ്രതിയുടെ വീട്ടിൽ അടിയന്തര റെയ്ഡ് നടത്തി. റെയ്ഡിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തിയ എ.ആർ പ്ലാറ്റ്‌ഫോം റൈഫിൾ, ഒരു .45 പിസ്റ്റൾ, ശരീര കവചങ്ങൾ , നൂറുകണക്കിന് വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു. ഇതിനുപുറമേ ആശങ്കാജനകമായ പരാമർശങ്ങളടങ്ങിയ നിരവധി ഡയറിക്കുറിപ്പുകളും പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ ഫണ്ട് ശേഖരണ അത്താഴവിരുന്നിൽ പങ്കെടുക്കാനാണ് ട്രംപ് കാലിഫോർണിയയിൽ എത്തുന്നത്. യു.എസ് രഹസ്യാന്വേഷണ വിഭാഗമായ ‘സീക്രട്ട് സർവീസ്’ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതി ട്രംപിനെ ലക്ഷ്യമിട്ടാണോ എത്തിയതെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ സമൂഹത്തിന് മറ്റ് സുരക്ഷാ ഭീഷണികളില്ലെന്ന് ഷെരീഫ് വിഭാഗം വ്യക്തമാക്കി. ഇടക്കാല തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ട്രംപ് അടുത്ത ദിവസം ലാസ് വെഗാസിലേക്ക് തിരിക്കും.
Assassination attempt scare during Trump’s visit; Young man arrested with prohibited weapons near golf course















