
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ എയർ ഇന്ത്യ എക്സ്പ്രസ് (എഐ-171) വിമാനാപകടത്തിന്റെ അന്തിമ അന്വേഷണ റിപ്പോർട്ടിന്റെ കരട് ഒക്ടോബറോടെ തയ്യാറാകുമെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി). ഇതുസംബന്ധിച്ച വിവരങ്ങൾ സുപ്രീം കോടതിയെ അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം ജൂണിൽ അഹമ്മദാബാദിൽ വെച്ച് 260 പേരുടെ മരണത്തിനിടയാക്കിയ ദരുണമായ അപകടത്തിന്റെ അന്വേഷണമാണ് ഇപ്പോൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നത്. അപകടത്തെക്കുറിച്ചുള്ള തെളിവ് ശേഖരണം പൂർത്തിയായതായും, ഇനി വിശകലനങ്ങളാണ് നടക്കാനുള്ളതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അടുത്ത ആറ് ആഴ്ചകൾക്കുള്ളിൽ ബാക്കി നടപടികൾ പൂർത്തിയാക്കി ഒക്ടോബറിൽ കരട് റിപ്പോർട്ട് സമർപ്പിക്കാനാണ് നീക്കം.
അതേസമയം, കോക്ക്പിറ്റ് വോയ്സ് റെക്കോർഡർ (സിവിആര്‍) വിവരങ്ങൾ അടക്കമുള്ള അതീവ രഹസ്യ രേഖകൾ കോടതിയിലോ പൊതുമധ്യത്തിലോ പങ്കുവെക്കാൻ കഴിയില്ലെന്ന് എഎഐബി കോടതിയെ അറിയിച്ചു. അന്താരാഷ്ട്ര വ്യോമയാന നിയമങ്ങൾ അനുസരിച്ചാണ് ഈ രഹസ്യസ്വഭാവം സൂക്ഷിക്കുന്നത്. പൈലറ്റുമാരുടെ പിഴവാണ് അപകടത്തിന് കാരണം എന്ന രീതിയിൽ മാധ്യമങ്ങളിൽ വരുന്നത് ഊഹാപോഹങ്ങൾ മാത്രമാണെന്നും, ആരുടെയും മേൽ കുറ്റം ചുമത്താനല്ല മറിച്ച് ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള സുരക്ഷാ മുൻകരുതലുകൾക്കാണ് അന്വേഷണം മുൻഗണന നൽകുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ദുരന്തത്തെക്കുറിച്ച് സ്വതന്ത്രമായ മറ്റൊരു അന്വേഷണം വേണമെന്ന ഹർജിക്കാരുടെ ആവശ്യത്തെ എതിർത്തുകൊണ്ടാണ് ഔദ്യോഗിക അന്വേഷണ ഏജൻസി കോടതിയിൽ ഈ വിശദീകരണം നൽകിയത്.
Air India plane crash: Officials say investigation report to be submitted in October















