
നോർമൻ (യു.എസ്.എ): പ്രശസ്ത ക്യാൻസർ രോഗവിദഗ്ദ്ധനും പുലിറ്റ്‌സർ സമ്മാന ജേതാവുമായ ഇന്ത്യൻ വംശജൻ ഡോ. സിദ്ധാർത്ഥ മുഖർജി അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ഒക്ലഹോമയുടെ വരാനിരിക്കുന്ന ഫാൾ 2026 ‘പ്രസിഡൻഷ്യൽ സ്പീക്കേഴ്‌സ് പരമ്പര’യിൽ മുഖ്യപ്രഭാഷണം നടത്തും. വൈദ്യശാസ്ത്ര രംഗത്തെ ഭാവി ഗവേഷണങ്ങളെക്കുറിച്ചും രോഗനിർണ്ണയത്തിലും ചികിത്സയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കും.
സെപ്റ്റംബർ 9-ന് വൈകുന്നേരം 6 മണിക്ക് ഒക്ലഹോമ മെമ്മോറിയൽ യൂണിയൻ ബാൾറൂമിൽ നടക്കുന്ന ചടങ്ങിൽ “ഗവേഷണവും വൈദ്യശാസ്ത്രത്തിൻ്റെ ഭാവിയും” എന്ന വിഷയത്തിലാണ് ഡോ. സിദ്ധാർത്ഥ മുഖർജിയുടെ പ്രഭാഷണം. ലോകത്തെ സ്വാധീനിക്കുന്ന പ്രമുഖ ചിന്തകരെയും വിദഗ്ദ്ധരെയും കാമ്പസിലെത്തിച്ച് ആശയവിനിമയം നടത്തുന്നതിനായി ഒക്ലഹോമ സർവ്വകലാശാല സംഘടിപ്പിക്കുന്നതാണ് ഈ പരമ്പര.
നോബൽ ജേതാവിനൊപ്പം വേദി പങ്കിടും
ആധുനിക ലോകത്തെ അതിവേഗം മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് വേറിട്ട ഉൾക്കാഴ്ചകൾ പങ്കുവെക്കാൻ ഡോ. സിദ്ധാർത്ഥ മുഖർജിയും 2024-ലെ സാമ്പത്തിക ശാസ്ത്ര നോബൽ സമ്മാന ജേതാവ് പ്രൊഫ. ഡാരൻ അസെമോഗ്ലുവും എത്തുന്നതിൽ സർവ്വകലാശാലയ്ക്ക് വലിയ അഭിമാനമുണ്ടെന്ന് ഒ.യു പ്രസിഡന്റ് ജോസഫ് ഹാരോസ് ജൂനിയർ വ്യക്തമാക്കി. വൈദ്യശാസ്ത്രം, സാങ്കേതികവിദ്യ, ആഗോള സമ്പദ്‌വ്യവസ്ഥ, സമൂഹം എന്നിവയിൽ എഐ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ഇരുവരും സംസാരിക്കും.
ഗവേഷകൻ, എഴുത്തുകാരൻ, സംരംഭകൻ
മരുന്ന് കണ്ടെത്തൽ പ്രക്രിയ വേഗത്തിലാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും പ്രയോജനപ്പെടുത്തുന്ന ‘മനാസ് എഐ’ എന്ന ബയോടെക്‌നോളജി കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമാണ് ഡൽഹിയിൽ ജനിച്ച ഡോ. സിദ്ധാർത്ഥ മുഖർജി. കൊളംബിയ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലെ അസോസിയേറ്റ് പ്രൊഫസറായ അദ്ദേഹം അമേരിക്കയിലെ നാഷണൽ അക്കാദമി ഓഫ് മെഡിസിനിലെ അംഗം കൂടിയാണ്. ക്യാൻസർ ബയോളജിയിലും സെല്ലുലാർ തെറാപ്പിയിലും നിർണ്ണായകമായ പല ഗവേഷണങ്ങൾക്കും ഇദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.
ഡോ. മുഖർജി രചിച്ച ‘ദി എംപറർ ഓഫ് ഓൾ മലാഡീസ്: എ ബയോഗ്രഫി ഓഫ് കാൻസർ’ എന്ന ലോകപ്രശസ്ത ഗ്രന്ഥത്തിന് 2011-ൽ പുലിറ്റ്‌സർ സമ്മാനം ലഭിച്ചിരുന്നു. ഈ പുസ്തകം പിന്നീട് കെൻ ബേൺസ് പ്രശസ്തമായ ബി.പി.എസ് ഡോക്യുമെന്ററി പരമ്പരയാക്കി മാറ്റി. അദ്ദേഹത്തിന്റെ ‘ദി ജീൻ: ആൻ ഇന്റിമേറ്റ് ഹിസ്റ്ററി’ എന്ന പുസ്തകവും ആഗോളതലത്തിൽ വൻ ജനപ്രീതി നേടിയ ഒന്നാണ്.
യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിലൂടെ പരിപാടിയിൽ പങ്കെടുക്കാം. പൊതുജനങ്ങൾക്കായി പ്രത്യേക സൗകര്യവും സർവ്വകലാശാല ഒരുക്കിയിട്ടുണ്ട്.
Indian-origin Pulitzer Prize winner Dr. Siddhartha Mukherjee named ‘Presidential Speaker’ at the University of Oklahoma















