ചരിത്രത്തിലെ ഏറ്റവും വലിയ പിഴ; കുട്ടികളുടെ സ്വകാര്യത ലംഘിച്ചതിന് ടിക് ടോക് 3,300 കോടി രൂപ നൽകണം

വാഷിംഗ്ടൺ: കുട്ടികളുടെ സ്വകാര്യത ലംഘിച്ചുവെന്ന കേസിൽ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക് യു.എസ് സർക്കാരിന് 400 മില്യൺ ഡോളർ (ഏകദേശം 3,300 കോടി രൂപ) ഒത്തുതീർപ്പ് തുകയായി നൽകും. സ്വകാര്യതാ ലംഘനവുമായി ബന്ധപ്പെട്ട് ചരിത്രത്തിലുണ്ടാകുന്ന ഏറ്റവും വലിയ നിയമനടപടികളിലൊന്നാണിത്.

13 വയസ്സിന് താഴെയുള്ള ദശലക്ഷക്കണക്കിന് കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ നിയമവിരുദ്ധമായി ശേഖരിച്ചുവെന്ന് ആരോപിച്ച് 2024-ൽ ജോ ബൈഡൻ ഭരണകൂടത്തിൻ്റെ കീഴിലുള്ള യു.എസ് നീതിന്യായ വകുപ്പാണ് ടിക് ടോക്കിനും മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിനുമെതിരെ കോടതിയെ സമീപിച്ചത്. 2000-ൽ നിലവിൽ വന്ന ഫെഡറൽ നിയമമായ ‘ചിൽഡ്രൻസ് ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ട്’ (COPPA) ലംഘിച്ചുകൊണ്ടായിരുന്നു ടിക് ടോക്കിൻ്റെ നടപടി.

ഇതേ നിയമ ലംഘനത്തിൻ്റെ പേരിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയ്‌ക്കെതിരെയും യു.എസിലെ 29 സംസ്ഥാനങ്ങൾ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. മെറ്റയ്‌ക്കെതിരെയുള്ള ജൂറി വിചാരണ ഈ ആഴ്ച ആരംഭിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ നൂറുകണക്കിന് ബില്യൺ ഡോളർ പിഴ ഈടാക്കാനാണ് സാധ്യത. മുൻപ് യൂട്യൂബ് (170 മില്യൺ ഡോളർ), എപിക് ഗെയിംസ് (275 മില്യൺ ഡോളർ) എന്നീ കമ്പനികളും ഇതേ നിയമലംഘനത്തിന് പിഴ ഒടുക്കിയിട്ടുണ്ട്.

പുതിയ കരാർ പ്രകാരം ടിക് ടോക് 300 മില്യൺ ഡോളർ ഉടനടി യു.എസ് നീതിന്യായ വകുപ്പിന് കൈമാറും. ഫെഡറൽ ട്രേഡ് കമ്മീഷനുമായുള്ള മുൻ കരാറുകൾ റദ്ദാക്കുന്നതോടെ ബാക്കി 100 മില്യൺ ഡോളർ കൂടി നൽകും. കേസ് ആരംഭിച്ചതിന് ശേഷം ടിക് ടോക് തങ്ങളുടെ ഉടമസ്ഥതയിലും സ്വകാര്യതാ നയങ്ങളിലും കുട്ടികൾക്കായുള്ള പ്ലാറ്റ്‌ഫോം നിയന്ത്രണങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തിയതായി യു.എസ് അധികൃതർ വ്യക്തമാക്കി.

170 മില്യണിലധികം കൗമാരക്കാർ ഉപയോഗിക്കുന്ന ടിക് ടോക്, കുട്ടികളെ ലക്ഷ്യമിട്ടാണ് പ്രവർത്തിച്ചിരുന്നതെങ്കിലും ഉപയോക്താക്കളുടെ പ്രായം പരിശോധിക്കാനോ മാതാപിതാക്കളുടെ അനുമതി വാങ്ങാനോ തയ്യാറായില്ലെന്ന് യു.എസ് അഭിഭാഷകർ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ വർഷം ടിക് ടോക്കിൻ്റെ യു.എസ് വിഭാഗം ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിൽ നിന്നും വേർപിരിഞ്ഞിരുന്നു. നിലവിൽ യു.എസ് നിക്ഷേപകർക്കാണ് കമ്പനിയിൽ 81 ശതമാനം ഓഹരിയുള്ളത്. വാർത്തയോട് പ്രതികരിക്കാൻ ടിക് ടോക് പ്രതിനിധികൾ വിസമ്മതിച്ചു.

TikTok to pay Rs 3,300 crore for violating children’s privacy, biggest fine in history

Also Read

More Stories from this section

family-dental
witywide