
അബുദാബി: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് വൻ തിരിച്ചടിയായി പാസ്‌പോർട്ട്, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവയുടെ അടിസ്ഥാന ഫീസ് നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഭേദഗതി ഉത്തരവ് പ്രകാരം പുതുക്കിയ നിരക്കുകൾ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നതായി അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായ് കോൺസുലേറ്റും അറിയിച്ചു. നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷമാണ് പാസ്‌പോർട്ട് നിരക്കുകൾ രാജ്യാന്തര തലത്തിൽ ഇന്ത്യ പരിഷ്കരിക്കുന്നത്.
പാസ്‌പോർട്ട് പുതുക്കൽ, തത്കാൽ സേവനങ്ങൾ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അഥവാ പിസിസി എന്നിവയ്ക്കാണ് പ്രധാനമായും നിരക്ക് വർദ്ധനവ് ബാധകമാകുന്നത്. ഇതോടൊപ്പം, യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്-വിസ സേവനങ്ങളുടെ ചുമതല ബി.എൽ.എസ് ഇൻ്റർനാഷണലിൽ നിന്ന് മാറി അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് എന്ന പുതിയ ഔട്ട്‌സോഴ്‌സിങ് ഏജൻസിക്ക് കൈമാറുന്ന നടപടികളും ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്.
പുതുക്കിയ ഫീസ് ഘടന പ്രകാരം മുതിർന്നവർക്കുള്ള 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന് ഇനി മുതൽ 450 ദിർഹം നൽകണം. മുമ്പ് ഇത് 285 ദിർഹം മാത്രമായിരുന്നു. ഇതേ വിഭാഗത്തിലെ തത്കാൽ നിരക്ക് 900 ദിർഹമായി ഉയർത്തിയിട്ടുണ്ട്. കൂടുതൽ പേജുകളുള്ള 60 പേജിൻ്റെ ജംബോ പാസ്‌പോർട്ടിന് സാധാരണ നിരക്ക് 630 ദിർഹവും തത്കാൽ നിരക്ക് 1,080 ദിർഹവുമാണ്. പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പുതിയത് എടുക്കുന്നതിനുള്ള ചെലവും ഗണ്യമായി വർദ്ധിച്ചു. ഈ സാഹചര്യത്തിൽ 36 പേജ് പാസ്‌പോർട്ടിന് സാധാരണ നിരക്കായി 900 ദിർഹവും തത്കാലിന് 1,350 ദിർഹവും ഈടാക്കും. 60 പേജ് പാസ്‌പോർട്ടിനാകട്ടെ സാധാരണ നിരക്ക് 1,080 ദിർഹവും തത്കാലിന് 1,530 ദിർഹവുമാണ് പുതിയതായി നിശ്ചയിച്ചിരിക്കുന്നത്.
പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ 36 പേജ് പാസ്‌പോർട്ട് അപേക്ഷകൾക്ക് സാധാരണ നിരക്ക് 325 ദിർഹവും തത്കാൽ നിരക്ക് 775 ദിർഹവുമായിരിക്കും. കുട്ടികളുടെ പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ വരികയോ ചെയ്താൽ സാധാരണ നിരക്കായി 775 ദിർഹവും തത്കാൽ നിരക്കായി 1,225 ദിർഹവും നൽകേണ്ടി വരും. എന്നാൽ എട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ പുതിയ പാസ്‌പോർട്ട് അപേക്ഷകൾക്ക് അടിസ്ഥാന ഫീസിൽ പത്ത് ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് സാധാരണ നിരക്ക് 295 ദിർഹവും തത്കാൽ നിരക്ക് 700 ദിർഹവുമായിരിക്കും. ഈ പ്രത്യേക ഇളവ് പാസ്‌പോർട്ട് പുതുക്കുന്നതിന് ബാധകമായിരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകൾക്കും നിരക്ക് വർദ്ധനവ് ബാധകമാണ്. പ്രവാസികൾക്ക് ഏറെ ആവശ്യമായി വരുന്ന പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സറണ്ടർ സർട്ടിഫിക്കറ്റ്, ജി.ഇ.പി വേരിഫിക്കേഷൻ എന്നിവയുടെ നിരക്ക് 95 ദിർഹത്തിൽ നിന്നും 145 ദിർഹമായി ഉയർത്തി. എമർജൻസി സർട്ടിഫിക്കറ്റുകൾക്ക് 60 ദിർഹമായിരിക്കും ഫീസ്, എന്നാൽ ഇതിന് തത്കാൽ സംവിധാനം ലഭ്യമാകില്ല. മുകളിൽ പറഞ്ഞിരിക്കുന്നവയെല്ലാം അടിസ്ഥാന സർക്കാർ ഫീസ് മാത്രമാണ്. പുതിയ അപേക്ഷാ കേന്ദ്രങ്ങളുടെ സർവീസ് ചാർജും, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടും ഇതിന് പുറമെ കൗണ്ടറുകളിൽ നൽകേണ്ടി വരും. ഏജൻസി കൈമാറ്റത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ പാസ്‌പോർട്ട് കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നില്ലെങ്കിലും അടിയന്തര സാഹചര്യങ്ങളുള്ള പ്രവാസികൾക്കായി പ്രവാസി ഭാരതീയ സഹായ കേന്ദ്രം വഴി കോൺസുലർ സേവനങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് എംബസി അറിയിച്ചു.
Indian passport and police clearance fees in UAE sharply increased; new rates effective from July 1















