
ന്യൂഡൽഹി: രാജ്യത്തിൻ്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ എ.ഐ.സി.സി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ. കോൺഗ്രസ് ആസ്ഥാനത്ത് നടന്ന പതാക ഉയർത്തൽ ചടങ്ങിനിടെ ദേശീയ ഗീതമായ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഗാനം നീണ്ടുപോയതിനെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഇടപെട്ട് പാട്ട് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഗായകസംഘം ആലാപനം തുടരുകയായിരുന്നു.
സാധാരണയായി വന്ദേമാതരത്തിൻ്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമാണ് ഔദ്യോഗിക ചടങ്ങുകളിൽ ആലപിക്കാറുള്ളത്. എന്നാൽ എ.ഐ.സി.സി ആസ്ഥാനത്ത് ഗായകസംഘം ആറ് ചരണങ്ങളുമുള്ള ഗാനം പൂർണ്ണമായി പാടാൻ ആരംഭിച്ചു. ഇതോടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സോണിയാ ഗാന്ധിയും അതൃപ്തിയോടെ പാട്ട് നിർത്താൻ കൈകൊണ്ട് ആംഗ്യം കാണിക്കുകയായിരുന്നു. വേദിയിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇതിൽ അസ്വസ്ഥത പ്രകടിപ്പിച്ചതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ നേതാക്കളുടെ ആംഗ്യം അവഗണിച്ച് ഗായകസംഘം വന്ദേമാതരം മുഴുവനായും പാടിത്തീർത്തു. ഇതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ രാഷ്ട്രീയ വിവാദത്തിനാണ് വഴിതുറന്നിരിക്കുന്നത്.
#WATCH | Delhi: Congress President Mallikarjun Kharge hoists the National Flag at party headquarters on 80th Independence Day. CPP chairperson Sonia Gandhi and LoP Lok Sabha Rahul Gandhi and others present pic.twitter.com/f32AwBfKnx
— ANI (@ANI) August 15, 2026
അതേസമയം, സംഭവത്തിൽ കോൺഗ്രസ് നേതൃത്വം ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പതാക ഉയർത്തൽ ചടങ്ങിലുടനീളം എഴുന്നേറ്റു നിന്ന എൺപത്തിനാലുകാരനായ മല്ലികാർജുൻ ഖർഗെയ്ക്ക് ഇരിക്കാൻ കസേര നൽകാൻ ആവശ്യപ്പെടുക മാത്രമാണ് സോണിയാ ഗാന്ധി ചെയ്തതെന്നാണ് പാർട്ടിയുടെ വിശദീകരണം. വന്ദേമാതരം മുഴുവനായി പാടിയതിൽ പാർട്ടിക്ക് എതിർപ്പില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു. വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നത് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കിക്കൊണ്ടുള്ള പുതിയ നിയമഭേദഗതി പാർലമെൻ്റ് പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് എ.ഐ.സി.സി ആസ്ഥാനത്ത് ഈ സംഭവങ്ങൾ അരങ്ങേറിയത്.
Singing of Vande Mataram at AICC headquarters in controversy; Sonia and Kharge try to disrupt it, singers finish the song










