
വാഷിംഗ്ടൺ: അമേരിക്കയിൽ ഫെഡറൽ ഉദ്യോഗസ്ഥൻ ചമഞ്ഞ് വയോധികനെ ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിൽ ഇന്ത്യൻ പൗരൻ കുറ്റക്കാരനാണെന്ന് യുഎസ് കോടതി കണ്ടെത്തി. ടെക്സാസിൽ സ്റ്റുഡന്റ് വിസയിൽ താമസിക്കുന്ന വെങ്കിടേശ്വര റെഡ്ഡി ചഗംറെഡ്ഡി (27) ആണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഡെലവെയർ കൗണ്ടിയിലെ 79 വയസ്സുകാരനായ വിയറ്റ്‌നാം യുദ്ധ സേനാനിയെയാണ് ഇയാൾ കബളിപ്പിച്ചത്.
2025 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവത്തിൻ്റെ തുടക്കം. തൻ്റെ കമ്പ്യൂട്ടറിലെ സാങ്കേതിക തകരാർ പരിഹരിക്കാൻ മൈക്രോസോഫ്റ്റ് സപ്പോർട്ട് എന്ന് കരുതി ഒരു നമ്പറിൽ വിളിച്ച വയോധികൻ ചെന്നെത്തിയത് തട്ടിപ്പുകാരുടെ വലയിലായിരുന്നു. തുടർന്ന് ഫെഡറൽ ഓഫീസർ എന്ന് പരിചയപ്പെടുത്തിയ ഒരാൾ ഇദ്ദേഹത്തെ വിളിക്കുകയും, അദ്ദേഹത്തിൻ്റെ ഐഡന്റിറ്റി മോഷ്ടിക്കപ്പെട്ടെന്നും അത് ഗുരുതരമായ ഫെഡറൽ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കപ്പെട്ടതായും പറഞ്ഞ് ഭയപ്പെടുത്തി.
ബാങ്ക് അക്കൗണ്ടിലുള്ള പണം സുരക്ഷിതമായി സൂക്ഷിക്കാൻ അവ സ്വർണ്ണമാക്കി മാറ്റി ഗവൺമെൻ്റ് ട്രഷറിയിലേക്ക് കൈമാറണമെന്നായിരുന്നു തട്ടിപ്പുകാരൻ്റെ നിർദ്ദേശം. ഇത് വിശ്വസിച്ച വയോധികൻ വൻതോതിൽ സ്വർണം വാങ്ങി പ്രതിക്ക് കൈമാറുകയായിരുന്നു.
പ്രതികൾ വീണ്ടും സ്വർണം ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ വയോധികൻ ബന്ധുക്കളെ വിവരമറിയിച്ചു. സർക്കാർ ഒരിക്കലും വ്യക്തികളിൽ നിന്ന് സ്വർണം ആവശ്യപ്പെടില്ലെന്ന് ബോധ്യപ്പെട്ടതോടെ ഇവർ പൊലീസിനെ സമീപിച്ചു. തുടർന്ന് പൊലീസ് നിർദ്ദേശപ്രകാരം ഒരു കെണിയൊരുങ്ങി. ഇതൊന്നുമറിയാതെ, സ്വർണം അടങ്ങിയ പാഴ്സൽ കൈപ്പറ്റാൻ നേരിട്ടെത്തിയ ചഗംറെഡ്ഡിയെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ വാഹനത്തിൽ നിന്ന് 23 ഔൺസ് സ്വർണവും പണവും മൊബൈൽ ഫോണും കണ്ടെടുത്തു.
ചഗംറെഡ്ഡി ഒരു വലിയ തട്ടിപ്പ് സംഘത്തിലെ ‘കൊറിയർ’ ആയിട്ടാണ് പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. വിവിധ സംസ്ഥാനങ്ങളിൽ വിമാനമാർഗ്ഗവും മറ്റും യാത്ര ചെയ്ത് ഇരകളിൽ നിന്ന് സ്വർണം ശേഖരിച്ച് പ്രധാന പ്രതിക്ക് എത്തിച്ചുനൽകുകയായിരുന്നു ഇയാളുടെ ജോലി. ഇയാൾ നിരവധി വയോധികരുമായി തട്ടിപ്പിനായി ബന്ധപ്പെട്ടിരുന്നതിൻ്റെ തെളിവുകൾ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ചു.
കോളേജിൽ നിന്ന് സസ്പെൻഷനിലായതിനാൽ നാടുകടത്തൽ ഭീഷണിയിലായിരുന്നുവെന്നും ഇതിനിടെയാണ് തട്ടിപ്പിൽ പങ്കാളിയായതെന്നും ചഗംറെഡ്ഡി സമ്മതിച്ചു. ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിയിക്കപ്പെട്ടതോടെ ഇയാൾക്ക് നീണ്ട തടവുശിക്ഷ ലഭിച്ചേക്കാം.
Indian student found guilty of cheating elderly man in US of lakhs of gold













