
എഡ്മൻ്റൺ: കാനഡയിലെ എഡ്മൻ്റണിൽ ഇന്ത്യൻ യുവതി ദാരുണമായി കൊല്ലപ്പെട്ടു. പഞ്ചാബിലെ ലുധിയാന (സമ്രാല) സ്വദേശിനിയായ ദാമൻപ്രീത് കൗർ (23) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ലിവ്-ഇൻ പങ്കാളിയും ഡൽഹി സ്വദേശിയുമായ റിതീഷ് കുമാറിനെ (22) എഡ്മൻ്റൺ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
ജൂലൈ 9ന് വൈകിട്ടോടെയാണ് എഡ്മൻ്റണിലെ സിൽവർബെറിയിലുള്ള വസതിയിൽ ഗുരുതരമായ പരുക്കുകളോടെ അബോധാവസ്ഥയിൽ യുവതിയെ കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാമൻപ്രീത് കൗർ, ചികിത്സയിലിരിക്കെ ജൂലൈ 12നാണ് മരണത്തിനു കീഴടങ്ങിയത്. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ മരണകാരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രതിക്കെതിരെ സെക്കൻഡ് ഡിഗ്രി കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അഞ്ച് വർഷം മുമ്പ് സ്റ്റുഡൻ്റ് വിസയിലാണ് ദാമൻപ്രീത് കാനഡയിലെത്തിയത്. മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾക്കായി ക്രൗഡ് ഫണ്ടിംഗ് കാമ്പയിൻ പുരോഗമിക്കുകയാണ്.
Indian woman tragically murdered in Edmonton, Canada, partner arrested















