‘തെറ്റിദ്ധാരണകൾക്ക് അടിസ്ഥാനമില്ല’; FCRA ബില്ലിനെക്കുറിച്ച് വിശദീകരിച്ച് യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര

വിദേശ സംഭാവന നിയന്ത്രണ (ഭേദഗതി) ബിൽ, 2026 (FCRA) സംബന്ധിച്ച വിവാദങ്ങൾക്കിടെ ബില്ലിനെക്കുറിച്ചുള്ള ചില ‘തെറ്റിദ്ധാരണകൾ’ തിരുത്തി യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര. ബിൽ കൂടുതൽ സുതാര്യതയും മെച്ചപ്പെട്ട ഭരണ സംവിധാനവും വ്യക്തമായ നിയമങ്ങളും ഉറപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എക്സിൽ പങ്കുവച്ച കുറിപ്പുകളുടെ പരമ്പരയിലാണ് യുഎസിലെ ഇന്ത്യൻ അംബാസഡർ ബില്ലിനെക്കുറിച്ചുള്ള അഞ്ച് പ്രധാന തെറ്റിദ്ധാരണകൾ വിശദീകരിച്ചത്. FCRA മതവിഭാഗങ്ങളെയോ എൻജിഒകളുടെ സ്വത്തുക്കളെയോ ലക്ഷ്യമിടുമെന്നും സിവിൽ സമൂഹത്തിനുള്ള വിദേശ ധനസഹായം തടയുമെന്നും ഉയരുന്ന ആരോപണങ്ങൾ അദ്ദേഹം തള്ളി.

തെറ്റിദ്ധാരണ: സിവിൽ സമൂഹത്തിനുള്ള വിദേശ ധനസഹായം തടയാനാണ് ഇന്ത്യ പുതിയ നിയമം കൊണ്ടുവരുന്നത്.

വസ്തുത:പൊതുസാമൂഹിക, രാഷ്ട്രീയ മേഖലകളിലെ വിദേശ സാമ്പത്തിക ഒഴുക്ക് നിയന്ത്രിക്കുന്നത് ദേശീയ സുരക്ഷാ താൽപര്യങ്ങൾ മുൻനിർത്തിയുള്ള ഒരു പരമാധികാര നടപടിയാണ്. ലോകത്തെ നിരവധി ജനാധിപത്യ രാജ്യങ്ങളിൽ ഇത് ആധുനിക ഭരണസംവിധാനത്തിന്റെ ഭാഗമാണ്.ഇന്ത്യയിൽ ആദ്യ FCRA നിലവിൽ വന്നത് 1976ലാണ്. 2010ൽ കൂടുതൽ ആധുനിക ചട്ടക്കൂടോടെ ഇത് പരിഷ്കരിച്ചു. 2016, 2018, 2020 വർഷങ്ങളിൽ ഭേദഗതികളിലൂടെ നിയമം കൂടുതൽ ശക്തമാക്കി. 2026ലെ ബില്ലും ചട്ടങ്ങളും ഇതേ ദിശയിലെ അടുത്ത ഘട്ടമാണ്—കൂടുതൽ സുതാര്യത, മികച്ച ഭരണസംവിധാനം, വ്യക്തമായ നിയമങ്ങൾ.

വിദേശ സംഭാവന സ്വീകരിക്കുന്നതിൽ നിന്ന് ഇന്ത്യക്കാരെ നിയമം വിലക്കുന്നില്ലെന്നും നിയമം പാലിക്കുന്ന സിവിൽ സമൂഹ സംഘടനകളുടെ പ്രവർത്തനം തടയുന്നില്ലെന്നും ക്വാത്ര വ്യക്തമാക്കി. FCRA പ്രകാരം പതിനായിരക്കണക്കിന് സംഘടനകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരോഗ്യ, വിദ്യാഭ്യാസം, ദുരന്തനിവാരണം, ഗവേഷണം, മാനവിക പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകൾക്കായി ഇവ പതിവായി വിദേശ ധനസഹായം സ്വീകരിക്കുന്നുണ്ട്.

തെറ്റിദ്ധാരണ: FCRA എൻജിഒകളുടെയും ചാരിറ്റബിൾ സംഘടനകളുടെയും പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. പുതിയ ഭേദഗതി അവരുടെ പ്രവർത്തനം കൂടുതൽ നിയന്ത്രിക്കും.

വസ്തുത: ഇന്ത്യയിലേക്കുള്ള വിദേശ ധനപ്രവാഹം കുറഞ്ഞിട്ടില്ല, മറിച്ച് വർധിച്ചുവരികയാണ്. രജിസ്റ്റർ ചെയ്ത സംഘടനകൾക്ക് ലഭിച്ച വിദേശ സംഭാവനകൾ 2010-11ൽ ഏകദേശം 120 കോടി ഡോളറിൽ നിന്ന് 2024-25ൽ 267 കോടി ഡോളറായി ഉയർന്നു.ഇന്ത്യയിൽ 30 ലക്ഷത്തിലധികം എൻജിഒകളുണ്ട്. ഇതിൽ 14,450 സംഘടനകൾ മാത്രമാണ് FCRA രജിസ്ട്രേഷൻ കൈവശമുള്ളത്. അതായത് ഭൂരിഭാഗം സിവിൽ സമൂഹ സംഘടനകളും FCRA നിയമത്തിന്റെ പരിധിക്ക് പുറത്താണ്.

വിദേശ ചാരിറ്റി, ഗവേഷണ ഗ്രാന്റ്, മാനവിക സഹായം എന്നിവ സ്വീകരിക്കുന്നതിൽ FCRA തടസ്സമാകുന്നില്ല. മൂന്ന് കാര്യങ്ങളാണ് നിയമം ആവശ്യപ്പെടുന്നത്—രജിസ്റ്റർ ചെയ്യുക, നിശ്ചിത നടപടിക്രമത്തിലൂടെ പണം സ്വീകരിക്കുക, അത് എങ്ങനെ വിനിയോഗിച്ചെന്ന് റിപ്പോർട്ട് ചെയ്യുക.

തെറ്റിദ്ധാരണ: മതപരമായ ചാരിറ്റികൾ, ആരാധനാലയങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ തുടങ്ങി വിദേശ സംഭാവനകളെ ആശ്രയിക്കുന്ന എൻജിഒകളുടെ സ്വത്തുക്കൾ നിയമം പിടിച്ചെടുക്കും.

വസ്തുത: യഥാർഥ അന്താരാഷ്ട്ര പങ്കാളിത്തങ്ങളെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. വിദേശ സംഭാവനകൾ സ്വീകരിക്കാനും വിനിയോഗിക്കാനും ഇന്ത്യയിൽ നിയമപരമായ ചട്ടക്കൂട് നിലവിലുണ്ട്. ഒരു സംഘടനയുടെ രജിസ്ട്രേഷൻ റദ്ദാക്കുകയോ സംഘടന തന്നെ രജിസ്ട്രേഷൻ തിരികെ നൽകുകയോ ചെയ്താൽ, വിദേശ സംഭാവനകളും അതുപയോഗിച്ച് സൃഷ്ടിച്ച സ്വത്തുക്കളും ഇതിനകം തന്നെ സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിലേക്ക് വരുന്നതാണ്. 2010 മുതൽ ഈ വ്യവസ്ഥ നിലവിലുണ്ട്. ഇത് പുതിയതല്ല.

2026ലെ ബിൽ ചെയ്യുന്നത് ഈ സ്വത്തുക്കൾ സംരക്ഷിക്കുന്നതിനായി ഒരു നിയുക്ത അതോറിറ്റിയെ സൃഷ്ടിക്കുകയാണ്. സംഘടനയ്ക്ക് രജിസ്ട്രേഷൻ പുനഃസ്ഥാപിക്കാനുള്ള അവസരവും നൽകുന്നു. രജിസ്ട്രേഷൻ പുനഃസ്ഥാപിച്ചാൽ എല്ലാ സ്വത്തുക്കളും ഉപയോഗിക്കാത്ത ഫണ്ടുകളും പൂർണമായി തിരികെ നൽകും. ആരാധനാലയങ്ങൾക്കും പ്രത്യേക സംരക്ഷണമുണ്ട്. രജിസ്ട്രേഷൻ റദ്ദാക്കിയ ഒരു സംഘടന ആരാധനാലയവുമായി ബന്ധപ്പെട്ട് സ്വത്ത് സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ, ആരാധനയുടെ തുടർച്ച ഉറപ്പാക്കുന്നതിനായി അതേ മതവിഭാഗത്തിൽപ്പെട്ട മറ്റൊരു FCRA രജിസ്റ്റർ ചെയ്ത സംഘടനയ്ക്ക് ആ സ്വത്ത് കൈമാറും.

തെറ്റിദ്ധാരണ: FCRA ഒരു പ്രത്യേക മതത്തെയോ സമൂഹത്തെയോ ലക്ഷ്യമിടുന്നു.

വസ്തുത: മതം, സമൂഹം, ആശയധാര എന്നിവ പരിഗണിക്കാതെ എല്ലാ സംഘടനകൾക്കും ഒരുപോലെ ബാധകമാണ് നിയമം. മതപഠനം, ആരാധനാലയങ്ങളുടെ പരിപാലനം, വിവിധ മതവിഭാഗങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങിയ വിശ്വാസാധിഷ്ഠിത ക്ഷേമപ്രവർത്തനങ്ങൾക്കും വിദേശ ധനസഹായം സ്വീകരിക്കാനുള്ള യോഗ്യത തുടരും.

തെറ്റിദ്ധാരണ: ഇത്തരമൊരു നിയമം കൊണ്ടുവരുന്ന കാര്യത്തിൽ ഇന്ത്യ ഒറ്റപ്പെട്ട രാജ്യമാണ്.

വസ്തുത: അമേരിക്കയിൽ 1938 മുതൽ FARAയും 2010 മുതൽ FATCAയും നിലവിലുണ്ട്. ഓസ്ട്രേലിയ 2018ലും കാനഡ 2024ലും സമാന നിയമനിർമാണം നടത്തി. ബ്രിട്ടന്റെ പദ്ധതി 2025 ജൂലൈയിൽ പ്രാബല്യത്തിൽ വന്നു. യൂറോപ്യൻ യൂണിയനും നിലവിൽ നിയമനിർമാണ നടപടികളിലാണ്.

അതേസമയം, വിദേശ സംഭാവന നിയന്ത്രണ (ഭേദഗതി) ബിൽ, 2026 ലോക്സഭയിൽ 2026 മാർച്ച് 25നാണ് അവതരിപ്പിച്ചത്. എൻജിഒകൾ, ട്രസ്റ്റുകൾ, അസോസിയേഷനുകൾ എന്നിവയ്ക്ക് ലഭിക്കുന്ന വിദേശ സംഭാവനകൾ നിയന്ത്രിക്കുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. ഒരു സംഘടനയുടെ FCRA രജിസ്ട്രേഷൻ റദ്ദാക്കുകയോ സംഘടന രജിസ്ട്രേഷൻ സ്വമേധയാ തിരികെ നൽകുകയോ പുതുക്കാതിരിക്കുകയോ ചെയ്താൽ വിദേശ സംഭാവന ഉപയോഗിച്ച് സൃഷ്ടിച്ച സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനായി ‘ഡിസിഗ്നേറ്റഡ് അതോറിറ്റി’ രൂപീകരിക്കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. രജിസ്ട്രേഷൻ പുതുക്കുന്നതിൽ പരാജയപ്പെട്ടാൽ സംഘടനകൾക്ക് വിദേശത്തുനിന്നും ആഭ്യന്തരമായും ലഭിച്ച സ്വത്തുക്കൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യയിലെ പ്രതിപക്ഷവും ബില്ലിന്റെ വിമർശകരും ആരോപണം ഉയർത്തിയിരുന്നു.

ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് ബില്ലെന്നും എൻജിഒകളെയും ന്യൂനപക്ഷങ്ങൾ നടത്തുന്ന മറ്റ് സ്ഥാപനങ്ങളെയും ഇത് ബാധിക്കുമെന്നും പ്രതിപക്ഷം ആരോപിച്ചു. നിർദിഷ്ട ബില്ലിനെക്കുറിച്ച് യുഎസ് കോൺഗ്രസ് അംഗം റൈലി മൂറും ആശങ്ക പ്രകടിപ്പിച്ചിരുന്നു. പള്ളികളും മതപരമായ ചാരിറ്റി സ്ഥാപനങ്ങളും ഏറ്റെടുക്കാൻ ഇന്ത്യൻ സർക്കാരിന് ബില്ലിലെ ചില വ്യവസ്ഥകൾ അവസരം നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. വെസ്റ്റ് വിർജീനിയയിൽ നിന്നുള്ള റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗമായ മൂർ, ബിൽ പാസാക്കിയാൽ ന്യൂഡൽഹിയും വാഷിങ്ടണും തമ്മിലുള്ള ബന്ധത്തെ ഇത് ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

India’s US ambassador Vinay Mohan Kwatra debunks ‘myths’ on FCRA bill: ‘Transparency, clearer rules’

More Stories from this section

family-dental
witywide