നടന്നത് ‘ലോൺ വൂൾഫ്’ ആക്രമണമെന്ന് ഇസ്രായേലിന്റെ പ്രാഥമിക നിഗമനം; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ അന്വേഷണം മുന്നോട്ട്, എല്ലാ സാധ്യതയും പരിശോധിക്കുന്നു

ദുബായ്: ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകർക്കാൻ ശ്രമിച്ച സംഭവം ‘ലോൺ വൂൾഫ്’ (ഒറ്റയ്ക്കുള്ള ആക്രമണം) രീതിയിലുള്ള ഒന്നാകാമെന്ന് ഇസ്രായേലിന്റെ പ്രാഥമിക അന്വേഷണം. അന്വേഷണം ഇപ്പോഴും ഊർജിതമായി തുടരുകയാണെന്നും എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സി.ബി.എസ് ന്യൂസിനോട് വ്യക്തമാക്കി.

ബുധനാഴ്ച ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട വിമാനം ഇസ്രായേലിന് സമീപമെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കോ-പൈലറ്റ് ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിച്ച് വിമാനം തകർക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യാത്രക്കാരും ക്യാപ്റ്റനും സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ ക്യാപ്റ്റൻ ധീരമായി ചെറുത്തുനിന്ന് കോക്പിറ്റിന്റെ വാതിൽ തുറന്നതോടെ, വിമാനത്തിലുണ്ടായിരുന്ന ഇസ്രായേലി യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ലാൻഡ് ചെയ്തു.

സൗദി അധികൃതരുടെ ചോദ്യം ചെയ്യലിന് ശേഷം നിലവിൽ യുഎഇയിലെത്തിച്ച കോ-പൈലറ്റിനെ രണ്ടാംഘട്ട ചോദ്യം ചെയ്യലിന് വിധേയനാക്കുകയാണ്. അന്വേഷണത്തിൽ പങ്കെടുക്കാൻ ഇസ്രായേൽ തങ്ങളുടെ പ്രതിനിധികളെ യുഎഇയിലേക്ക് അയച്ചിട്ടുണ്ട്. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് സംഭവത്തിന് പിന്നിൽ ഇറാൻ ബന്ധമുണ്ടായേക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാഴാഴ്ച സൂചിപ്പിച്ചു. എന്നാൽ, അക്രമിയുടെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് നെതന്യാഹു പ്രതികരിച്ചത്. ഇതൊരു വിമാന റാഞ്ചലല്ലെന്നും മറിച്ച് ആത്മഹത്യാശ്രമം പോലെയാണ് തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കോ-പൈലറ്റ് കടുത്ത ഇസ്ലാമിക തീവ്രവാദ പ്രത്യയശാസ്ത്ര സ്വാധീനത്തിലായിരുന്നുവെന്ന് നെതന്യാഹു ഫോക്സ് ന്യൂസിനോട് പറഞ്ഞു. യാത്രക്കാർ കീഴ്പ്പെടുത്തിയപ്പോൾ “എന്നെ കൊല്ലൂ, എന്നെ കൊല്ലൂ” എന്ന് ഇയാൾ ആക്രോശിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്ലൈദുബായ് സഹപൈലറ്റിന്റെ പേരുവിവരങ്ങൾ ഔദ്യോഗികമായി പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും, ഇയാൾ ഹമാം അൽ ഹമാമി എന്ന വ്യക്തിയാണെന്ന് അന്വേഷണവൃത്തങ്ങൾ വ്യക്തമാക്കുന്നു.

More Stories from this section

family-dental
witywide